ഗാസിയാബാദ് : ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജസ്ബീര്‍ സിംഗ് (38) എന്നയാളാണ് അറസ്റ്റിലായത്. രാജ്‌നഗറിലെ വിവിഐപി താമസ പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
2010ലാണ് ജസ്ബീര്‍ ഗാസിയാബാദില്‍ ബാലാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിച്ചത്. 26,000 മുതല്‍ 35,000 വരെയാണ് ഇയാള്‍ കുട്ടികളില്‍നിന്നു ഫീസായി വാങ്ങിയിരുന്നത്. മൂന്നു വര്‍ഷത്തിനിടെ 40 കുട്ടികള്‍ക്ക് ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ നല്‍കിയിരുന്നത്.
എന്‍ജിനീയറിംഗ് കോളജിന്റെ പേരില്‍ ഇയാള്‍ ഫീസ് പിരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ എന്ന പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ എന്‍ജിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്നത്. എന്നാല്‍ ഈ സ്ഥാപനം ഒരു യൂണിവേഴ്‌സിറ്റിയുമായും അഫിലിയേറ്റ് ചെയ്തിരുന്നില്ല എന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Post Your Comments