കോഴിക്കോട്: വിലങ്ങാട് ഉരുട്ടിയില്‍ രണ്ട് ക്വന്റല്‍ ഇറച്ചി മാലിന്യം പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഷവർമയിൽ ഉപയോഗിക്കാന്‍ തയ്യാറാക്കിവെച്ച ഇറച്ചിയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ജാതിയേരി സ്വദേശിയായ ഒരാളുടെ പറമ്പിലെ ഷെഡില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. പശു, പോത്ത് ,ആട് എന്നിവയുടെ ആന്തര ഭാഗങ്ങളിലുള്ള ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇറച്ചി അവശിഷ്ടങ്ങള്‍ അമോണിയവും ഉപ്പും ചേര്‍ത്ത നിലയിലായിരുന്നു. ഇവിടെ നിന്ന് ഉണക്കി സൂക്ഷിച്ച നിലയിലും ഇറച്ചി കണ്ടെടുത്തു. ഇവ ഷവര്‍മയില്‍ കോഴിയിറച്ചിക്കൊപ്പം ചേര്‍ക്കാനാണ് തയ്യാറാക്കിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഷെഡില്‍ പരിശോധന നടത്തിയത്. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസ്സെടുത്തു. മാംസം സംസ്കരിച്ചിരുന്ന ഷെഡില്‍ ജോലി ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര, നാദാപുരം , കുറ്റ്യാടി എന്നിവിടങ്ങളില്‍ ഷവര്‍മ്മ വില്‍പ്പന നടത്തുന്ന കടകളില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments