തിരുവനന്തപുരം● തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. 5.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപെട്ട വിമാനമാണ് ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് -ഐ.എക്സ് 539 (ബോയിംഗ് 737-8HG) വിമാനം കൊച്ചി മേഖലയില്‍ എത്തിയ ശേഷമാണ് ഓട്ടോപൈലറ്റ് പ്രവര്‍ത്തന രഹിതമാണെന്ന് പൈലറ്റ് മനസിലാക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് മടങ്ങി വരാന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് തിരിച്ചു പറന്ന വിമാനം തിരുവനന്തപുരത്ത് കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഇന്ധനം പരാമാവധി തീര്‍ത്ത ശേഷം 7.55 ഓടെ സുരക്ഷിതമായി തിരിച്ചിറക്കി.
178 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Post Your Comments