
പാകിസ്ഥാനിലെ ഔദ്യോഗിക ഭരണനേതൃത്വവും സൈനികനേതൃത്വവും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹായികളില്‍ പ്രധാനികളായ മൂന്നുപേര്‍ വന്‍സ്വാധീനശക്തിയുള്ള സനികമേധാവി ജനറല്‍ രഹീല്‍ ഷരീഫുമായി കൂടിക്കാഴ്ച നടത്തി. ഭരണ-സൈനിക നേത്രുത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതു മൂലമുള്ള സ്ഥിതിവിശേഷങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.
നവാസിന്‍റെ ഏറ്റവും ഇളയ അനുജനും പാക്-പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയുമായ ഷബാസ് ഷരീഫ്, അഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, ധനമന്ത്രി ഇഷാഖ് ദര്‍ എന്നിവരാണ് ജനറല്‍ രഹീലിനെ വ്യാഴാഴ്ച വൈകുന്നേരം കണ്ടത്.
സൈന്യത്തിന്‍റെ പൊതുകാര്യ വിങ്ങായ ഇന്‍റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, റാവല്‍പിണ്ടിയിലെ സൈനികആസ്ഥാനത്ത് വച്ചാണ് 90 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. പാക്-ചാരസംഘടന ഇന്‍റര്‍-സര്‍വ്വീസസ് ഇന്‍റലിജന്‍സ് (ഐഎസ്ഐ) മേധാവി ലെഫ്റ്റ്. ജനറല്‍ റിസ്വാന്‍ അക്തറും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
പാക് മാധ്യമമായ ഡോണില്‍ ഈ മാസമാദ്യം ഭരണ-സൈനിക നേതൃത്വങ്ങള്‍ തമ്മിലുള്ള വഴക്കിനെപ്പറ്റി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്മേല്‍ സൈന്യത്തിനുള്ള നീരസം യോഗത്തില്‍ പ്രകടിപ്പിക്കപ്പെട്ടു. വന്‍അധികാരങ്ങളുള്ള ഐഎസ്ഐ പാകിസ്ഥാനില്‍ രൂപീകൃതമാകുന്ന ഭീകരസംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണയെപ്പറ്റി സൈന്യത്തിനെ ഭരണനേതൃത്വം ശാസിച്ചു എന്നതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള വഴക്കിന്‍റെ തുടക്കമായി ഡോണ്‍ ചൂണ്ടിക്കാണിച്ചത്.
സൈന്യവുമായി നല്ല ബന്ധവും നവാസ് ഷരീഫ് ഭരണകൂടവുമായി ശത്രുതയിലും ഉള്ള തെഹരീക്-ഐ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന കാര്യം ചര്‍ച്ചയുടെ വിഷയമായോ എന്നത് വ്യക്തമല്ല.
Post Your Comments