NewsInternational

ജമ്മു-കാശ്മീര്‍: നിയന്ത്രണരേഖയില്‍ ഉടനീളം കനത്ത പാക് വെടിവയ്പ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. ജമ്മു കശ്മീരിലെ രാജൗറി മേഖലയില്‍ ആണ് പാക്‌ സൈന്യം ശക്തമായ വെടിവെയ്പും ഷെല്ലാക്രമണവും നടത്തിയത്. ആക്രമണത്തില്‍ ജമ്മുകശ്മീരില്‍ ആര്‍.എസ്.പുര മേഖലയിലെ ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെടുകയും പ്രദേശവാസികളായ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബീഹാർ സ്വദേശിയും ബി.എസ്.എഫ്. ഹെഡ് കോണ്‍സ്റ്റബിളുമായ ജിതേന്ദ്രകുമാറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കുന്നതായി അതിര്‍ത്തി രക്ഷാസേന വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനിടയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യന്‍ സേന പരാജയപ്പെടുത്തി.

പാക് കമാന്‍ഡോകളുടെ പിന്തുണയോടെയായിരുന്നു നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമം നടത്തിയത്‌. പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ജയ്‌ഷെ മൊഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു.

രജൗറി ജില്ലയിലെ സുന്ദര്‍ബാനി മേഖലയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു. 15 സൈനികതാവളങ്ങള്‍ക്കും 29 ഗ്രാമങ്ങള്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്. ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായി സംസാരിച്ച് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നിർദേശം നൽകി. പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്കു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസവും അിര്‍ത്തിയില്‍ പാക് സേന ബി.എസ്.എഫ് ഔട്ട്‌ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button