NewsInternational

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്ത്രം : ലോകജനശ്രദ്ധയാകര്‍ഷിച്ച അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘മോദി’ സ്വാധീനം : പ്രസംഗത്തിന് തെരഞ്ഞെടുത്ത വാചകങ്ങള്‍ മോദിയുടെ പഞ്ച് ലൈന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യാക്കാരെ പിടിക്കാന്‍ ബി.ജെ.പിയുടെ തന്ത്രവുമായി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. പ്രചരണത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും കൂട്ടരും ഉപയോഗിച്ച് ഉപേക്ഷിച്ച പരസ്യതന്ത്രം പൊടിതട്ടിയെടുത്ത് ഉപയോഗിക്കുകയാണ് ട്രംപ് .

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിപ്പിച്ച പഞ്ച്‌ലൈന്‍ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്നതിന്റെ അമേരിക്കന്‍ രൂപമായ ‘ആബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന പരസ്യവാചകമാണ് കടമെടുത്തിരിക്കുന്നത്. 30 സെക്കന്റ് മുതല്‍ 50 സെക്കന്റ് വരെ നീളുന്ന പരസ്യം 20 ചാനലുകളിലായി ദിവസം 20 പ്രാവശ്യം വീതമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.

പരസ്യവും അതിലെ വാചകവും അമേരിക്കന്‍ ഇന്ത്യാക്കാര്‍ക്ക് പിടിച്ചിട്ടുമുണ്ട്. ഹിന്ദു പ്രവര്‍ത്തകനും കടുത്ത മോഡി ആരാധകനുമായ ഷിക്കാഗോ ബിസിനസ് മാന്‍ ശലഭ് കുമാറാണ് ട്രംപിന്റെ മോദി ഡ്രൈവിന്റെ സംഘാടകന്‍. ട്രംപ് പ്രചരണത്തില്‍ കുമാറിന്റെ ഇടപെടല്‍ മതത്തിനപ്പുറത്ത് അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കിടയില്‍ തുളഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ഇന്ത്യാക്കാരുടെ എണ്ണം അഞ്ചു വര്‍ഷം മുമ്പത്തെ സെന്‍സസ് പ്രകാരം നാല് ദശലക്ഷമാണ്. ഇതില്‍ ഇതുവരെ വോട്ടു ചെയ്ത അമേരിക്കന്‍ ഇന്ത്യാക്കാരുടെ എണ്ണം പത്തുലക്ഷമാണ്. റിപ്പബ്‌ളിക്കന്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം ഇന്ത്യാക്കാരെയും. ഇവരെയെല്ലാം ഹിന്ദു പരിവേഷത്തില്‍ കാണുന്ന റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാര്‍ ഇവരുടെ വോട്ടുകള്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്.

കഴിഞ്ഞദിവസം ട്രംപിന്റെ ഒരു പരസ്യം ദീപാവലി വിളക്കിന്റെ പശ്ചാത്തലത്തില്‍ ന്യൂ ജഴ്‌സിയില്‍ അദ്ദേഹം പ്രസംഗിക്കുന്നത് ആയിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ശക്തമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വിര്‍ജീനിയയിലെ ക്ഷേത്രത്തില്‍ ട്രംപിന്റെ മരുമകള്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. വടക്കന്‍ വിര്‍ജീനിയയിലെ രാജധാനി ക്ഷേത്രമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിര്‍ജീനിയയിലെ ദീപാവലി ആഘോഷത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത് ട്രംപിന്റെ മകള്‍ ഇവാങ്കയായിരുന്നു. എന്നാല്‍ അത് പിന്നീട് മരുമകള്‍ ലാറയായി മാറിയെന്നുമാത്രം. നഗ്‌നപാദയായി മതാചാരത്തിന് അനുസരിച്ചായിരുന്നു ലാറ ക്ഷേത്രത്തില്‍ കയറിയത്.
വാഷിംഗ്ടണ്‍ ഡിസിയോട് അടുത്തു കിടക്കുന്ന ഇവിടം ഇന്ത്യന്‍ അമേരിക്കക്കാര്‍ ഏറെയുള്ള പ്രദേശമാണ്. പലരും സിലിക്കണ്‍ ഡൊമിനിയോണിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവരും. ശക്തമായ മത്സരം നടക്കുമെന്ന പ്രതീക്ഷിക്കുന്ന വിര്‍ജീനിയയില്‍ ഹിലരി ക്‌ളിന്റണ്‍ ഏറെ മുന്നിലാണ്.

shortlink

Post Your Comments


Back to top button