ഇന്തോ- പാക് ബന്ധം കഴിഞ്ഞ കുറച്ചുകാലമായി വല്ലാത്ത ഒരു അവസ്ഥയിലാണ് എന്നത് പ്രത്യേകം പറയേണ്ടതില്ല. പാകിസ്ഥാനിലെ സ്ഥിന്തിഗതികള്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്തതാണ് എന്നതും എല്ലാവര്‍ക്കുമറിയാം. ഒരു ഭാഗത്ത് ഇന്ത്യയിലേക്കും, അല്ല ലോകത്തിനു തന്നെ ഭീകരത കയറ്റുമതി ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരാവുമ്പോള്‍ സ്വന്തം രാജ്യത്തുതന്നെ ഐ എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങള്‍ ആക്രമണവും മറ്റും നടത്തുന്നു. കഴിഞ്ഞ ദിവസം ബലൂചിലുണ്ടായ ആക്രമണം അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ഇതിനു എന്താണ് യഥാര്‍ഥ കാരണം?. വലിയ ഗഹനമായ പഠനമൊന്നും അതിനു ഉത്തരം കണ്ടെത്താനാവശ്യമില്ല. കശ്മീര്‍ പ്രശ്‌നത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും മൗണ്ട് ബാറ്റണ്‍ പ്രഭുവും സ്വീകരിച്ച വഴിപിഴച്ച നിലപാടുതന്നെ. 1947 ല്‍ സ്വന്തം കയ്യില്‍കിട്ടിയ അവസരം കളഞ്ഞുകുളിച്ചത് നെഹ്രുവാണ്. അതിനു ഒത്താശചെയ്തത് മൗണ്ട് ബാറ്റണും. ഇന്നും നാം അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നു.
കശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരുന്നു എന്നതല്ല നെഹ്‌റു സ്വീകരിച്ച സമീപനം എന്തായിരുന്നു എന്നതാണ് പ്രധാനം. 1947 ആഗസ്റ്റില്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഇന്ത്യ സ്വാതന്ത്രയാവണം എന്നും താന്‍ പ്രധാനമന്ത്രിയാവണം എന്നും നെഹ്‌റു തീരുമാനിച്ചു. അതിന് അറിഞ്ഞോ അറിയാതെയോ ഗാന്ധിജിയും സഹായകരമായ നിലപാടെടുത്തു. ആദ്യം മുതലേ കാശ്മീരിനെ പാക്കിസ്ഥാനില്‍ ലയിപ്പിക്കണം എന്നതായിരുന്നു ബ്രിട്ടന്റെ താല്പര്യം. ഈ ഭൂപ്രദേശത്ത് സമാധാനം നിലനില്‍ക്കരുത് എന്നതും അതിനൊരു കാരണമാവാം. ആ ബ്രിട്ടീഷ് നിലപാടിനൊപ്പം നില്‍ക്കാന്‍ തനിക്കു മടിയില്ല ,മറിച്ചു പ്രധാനമന്ത്രിയായാല്‍ മതിയെന്ന് നെഹ്‌റു മനസുകൊണ്ട് തീരുമാനിച്ചു. അതിനനുസൃതമായാണ് മൗണ്ട്ബാറ്റണ്‍ കരുക്കള്‍ നീക്കിയത്.
ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ചിലകാര്യങ്ങളുണ്ട്.
ഒന്ന് : മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ 1947 ജൂണ് മൂന്നാം വാരത്തിലെ കശ്മീര്‍ സന്ദര്‍ശനോര്‍ദ്ദേശ്യം. അതിനുതൊട്ടു മുമ്പായി, ജൂണ്‍ മൂന്നിന്, ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അന്നുണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍, 1947 ആഗസ്ത് 14 ഓടെ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കുക അല്ലെങ്കില്‍ സ്വതന്ത്ര രാജ്യമായി നിലകൊള്ളുക എന്നതായിരുന്നു അതിലെ നിര്‍ദ്ദേശം. കശ്മീര്‍ ആണ് അന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്ന ഒരു രാജ്യം. അവിടെയുള്ളത് ഹിന്ദു രാജാവ് ; പക്ഷെ ജനസംഖ്യയില്‍ മുസ്‌ലിം സമുദായത്തിന് വലിയ മേധാവിത്തം. അതുകൊണ്ടാണ് കശ്മീര്‍ എവിടെനില്‍ക്കും എന്ന് എല്ലാവരും കാതോര്‍ത്തതും. ഒരു കാരണവശാലും പാക്കിസ്ഥാന്റെ ഭാഗമാവാന്‍ കശ്മീര്‍ മഹാരാജാവ് ഹരിസിംഗിന് താല്പര്യമില്ലായിരുന്നു. അങ്ങിനെയൊരു ചിന്ത തന്നെ അദ്ദേഹത്തിലില്ലായിരുന്നു. പക്ഷെ, പലകാരണങ്ങളാല്‍ ആശയക്കുഴപ്പമുണ്ടായി. അവസാനം അന്നത്തെ അവിടത്തെ പ്രധാനമന്ത്രി ആര്‍ സി കാക് രാജാവിനെ ഉപദേശിച്ചത് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനാണ്. അതുമനസിലാക്കിയ ശേഷമാണ് കശ്മീര്‍ മഹാരാജാവിനെ കാണാന്‍ മൗണ്ട്ബാറ്റണെത്തിയത്. ഇന്ത്യയില്‍ ലയിക്കാന്‍ അദ്ദേഹം ഹരിസിംഗിനോട് ആവശ്യപ്പെട്ടു എന്നാണ് പൊതുവെ പില്‍ക്കാലത്ത് പുറമെ കേട്ടത്. അതാണ് യഥാര്‍ഥ പ്രശ്‌നം. അതൊരു തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ്. ഹരിസിംഗിനോട് മൗണ്ട് ബാറ്റണ്‍ ആവശ്യപ്പെട്ടത് പാക്കിസ്ഥാന്റെ ഭാഗമാവാന്‍ കശ്മീര്‍ തയ്യാറാവണം എന്നതാണ്. എന്നാല്‍ മൌണ്ട് ബാറ്റന്റെ നിര്‍ദ്ദേശം പാടെ നിരാകരിക്കുകയാണ് ഹരി സിങ് ചെയ്തത്. പാക്കിസ്ഥാനില്‍ ലയിക്കാന്‍ മൗണ്ട് ബാറ്റണ്‍ സമ്മര്‍ദ്ദം ശക്തമാക്കിയപ്പോള്‍ തനിച്ചു നില്‍ക്കുക, സ്വതന്ത്ര രാജ്യമാവുക, എന്നതായി കശ്മീര്‍ രാജാവിന്റെ തീരുമാനം. അതെല്ലാം സര്‍ദാര്‍ പട്ടേലിന് അറിയാമായിരുന്നു.
ഇവിടെ നാമൊക്കെ മറന്നുകൂടാത്ത മറ്റൊരു കാര്യമുണ്ട്. അതാണ് രണ്ടാമത്തെ പ്രശ്‌നം.
അത് പണ്ഡിറ്റ് നെഹ്‌റുവും മൗണ്ട് ബാറ്റണും തമ്മിലെ ബന്ധമായിരുന്നു. ഒരു പരിധിവരെ, ഒട്ടെല്ലാവിഷയത്തിലും, നെഹ്‌റു മൌണ്ട് ബാറ്റണ്‍ നിലപാടിനൊപ്പമാണ് മഹാത്മാ ഗാന്ധിയും നിലകൊണ്ടത് . ‘സ്വാതന്ത്ര്യം’ എന്നതായിരുന്നു ഗാന്ധിജിയുടെ മനസ്സില്‍ മുഴുവന്‍; നെഹ്‌റുവിനാവട്ടെ എങ്ങിനെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക എന്നതും. അതുരണ്ടും യോജിച്ചു നീങ്ങി. പലപ്പോഴും തന്റെ താല്‍പര്യങ്ങള്‍ക്കായി അതിനെ പ്രയോജനപ്പെടുത്താന്‍ മൌണ്ട് ബാറ്റണ് കഴിയുകയും ചെയ്തു. നെഹ്‌റുവിന്റെ മൗണ്ട് ബാറ്റണുമായുള്ള അടുപ്പം അവരിലൊതുങ്ങിയിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. ലേഡി മൌണ്ട് ബാറ്റണും നെഹ്രുവുമായുള്ള ‘സൗഹൃദം’ പലപ്പോഴും ചര്‍ച്ചാവിഷയമായതാണല്ലോ. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ആംഗ്ലേയ ജീവിത ശൈലി സ്വീകരിച്ച വ്യക്തിത്വമായിരുന്നു നെഹ്‌റു. അതുതന്നെയാവാം അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് ഏറെ സമ്മതനും അടുത്ത സഹകാരിയുമാക്കിയത് . ഹരിസിങ് മഹാരാജാവിനോട് പാക്കിസ്ഥാനില്‍ ലയിക്കാന്‍ മൗണ്ട് ബാറ്റണ്‍ ആവശ്യപ്പെട്ടത് നെഹ്‌റു അറിയാതെയാണ് എന്ന് കരുതാന്‍ കഴിയില്ല എന്നതും പറയാതെവയ്യ. ഷെയ്ഖ് അബ്ദുള്ളയുമായി നെഹ്രുവിനുണ്ടായിരുന്ന അടുപ്പവും ബന്ധവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
അതിനിടയില്‍ നിര്‍ണായകമായ ആഗസ്ത് പതിനാലു വന്നു ചേര്‍ന്നു; ഇന്ത്യ മഹാരാജ്യം രണ്ടായ ദിവസം. അന്നാണല്ലോ പാക്കിസ്ഥാന്‍ ജന്മം കൊണ്ടത്. എന്നാല്‍ അന്ന് കശ്മീരിലെ പോസ്റ്റ്ഓഫീസുകളില്‍ പാക് ദേശീയ പതാകകള്‍ ഉയര്‍ന്നത് അവിടത്തെ ജനതക്കും അതിലേറെ മഹാരാജാവിനും വിഷമമുണ്ടാക്കി. കശ്മീരിലെ തപാല്‍ ഓഫിസുകള്‍ വിഭജനത്തിനുമുന്പ് സിയാല്‍ക്കോട്ട് സര്‍ക്കിളിലായിരുന്നു. സിയാല്‍ക്കോട്ടാവട്ടെ പാക്കിസ്ഥാനിലുമായി. അതുകൊണ്ടാണ് അവരവിടെ അന്ന് പാക് പതാക ഉയര്‍ത്തിയത്. പക്ഷെ, അതോടെ മഹാരാജ ഇടപെട്ടു; ജനങ്ങളും രംഗത്തുവന്നു. പിറ്റേന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ അവിടെയെല്ലാം ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിച്ചു. അപ്പോഴും കശ്മീര്‍ എവിടെയാണ്, സ്വതന്ത്രമാണോ അതോ പാക്കിസ്ഥാനിലോ ഇന്ത്യയിലോ എന്നത് , തീരുമാനമായിരുന്നില്ല എന്നതോര്‍ക്കുക. ഇതൊക്കെയായപ്പോഴാണ് എന്തെങ്കിലും ഉടനെ ചെയ്‌തേ തീരൂ എന്ന നിലപാടില്‍ സര്‍ദാര്‍ പട്ടേലെത്തിയത്.
മഹാരാജ ഹരിസിംഗിന്റെ മനസുമാറ്റാന്‍ ആരെക്കൊണ്ടാവും എന്ന ചോദ്യം സര്‍ദാര്‍ പട്ടേലിനെ കൊണ്ടെത്തിച്ചത് ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറിലാണ് . ഗുരുജി ഗോള്‍വാള്‍ക്കറും കശ്മീര്‍ മഹാരാജാവും തമ്മിലെ അടുത്ത ബന്ധം പട്ടേലിന് നന്നായി അറിയാമായിരുന്നു; ഒരു സന്യാസി തുല്യനായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കാറോട് ഹരിസിംഗിന് ബഹുമാനമായിരുന്നുതാനും. 1947 ഒക്ടോബര്‍ 17 ന് ഗുരുജി ഗോള്‍വാള്‍ക്കര്‍ കശ്മീരിലെത്തി മഹാരാജാവുമായി ചര്‍ച്ച നടത്തി. സ്വതന്ത്ര രാജ്യമായി നിലകൊള്ളുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ഹരിസിംഗിനെ ധരിപ്പിച്ചു; അതദ്ദേഹം അംഗീകരിക്കുകയും അക്കാര്യം സര്‍ദാര്‍ പട്ടേലിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാഗമാവാന്‍ അങ്ങിനെയാണ് കശ്മീര്‍ തീരുമാനിക്കുന്നത്. ഇതൊക്കെ ഇന്നിപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
ഇതിനിടയിലാണ് 1947 ഒക്ടോബര് 23ന് , ഗോത്രവര്‍ഗക്കാര്‍ എന്നപേരില്‍ പാക് സൈനികര്‍ കശ്മീരിനെ ആക്രമിക്കുന്നത് ; അതോടെ കശ്മീര്‍ മഹാരാജാവ് ഇന്ത്യയുടെ സഹായം തേടി. അന്ന് ആ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക്, നമ്മുടെ സൈനികര്‍ക്ക് , വിരലിലെണ്ണാവുന്ന ദിവസം മതിയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തുണ്ടായിരുന്നവര്‍ അക്കാര്യമറിയിച്ചതാണ്. പക്ഷെ അവിടെയും ഇന്ത്യക്കു വിനയായത് നെഹ്രുവിന്റെ നിലപാടാണ് ; അദ്ദേഹത്തിന്റെ വികലമായ നടപടിയാണ്. അടിച്ചൊതുക്കാമായിരുന്ന ആ ചെറിയ കടന്നുകയറ്റത്തെ ഐക്യരാഷ്ട്ര സഭയിലെത്തിക്കാന്‍ അന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നുവല്ലോ. അതോടെ എല്ലാം ഇന്ത്യക്ക് കൈവിട്ടുപോയി ; പാകിസ്ഥാന്‍ ആഗ്രഹിച്ചത് നടക്കുകയും ചെയ്തു.
ഇവിടെയാണ് ആരാണ് വീഴ്ച വരുത്തിയത് എന്ന ചോദ്യമുയരുന്നത്. തീര്‍ച്ചയായും, പണ്ഡിറ്റ് നെഹ്‌റു അറിയാതെ യാതൊന്നും നടക്കുമായിരുന്നില്ല എന്നത് നിസംശയം പറയാം. തനിച്ചുള്ള തീരുമാനമാണോ അതോ കൂട്ടായ തീരുമാനമാണോ ? നെഹ്‌റു തനിച്ചല്ല തീരുമാനമെടുത്തത് എന്നുവേണമെങ്കില്‍ സമ്മതിക്കാം. സര്‍ദാര്‍ പട്ടേലും മറ്റും ആ ചിന്തയുടെ, ആലോചനയുടെ, ഭാഗമായിട്ടുണ്ടാവും; സ്വാഭാവികമാണത്. പക്ഷെ അവിടെയും പൊതുവെ കരുതാന്‍, വിശ്വസിക്കാന്‍, പ്രേരിപ്പിക്കുന്നത് മൗണ്ട് ബാറ്റന്റെ സമീപനത്തിന് നമ്മുടെ നേതാക്കള്‍ വഴങ്ങിയെന്നതാണ്. ആദ്യമേ മുതല്‍ കശ്മീര്‍ പാകിസ്ഥാനില്‍ ലയിക്കണം എന്നതായിരുന്നു ബ്രിട്ടീഷ് പ്രമുഖന്റെ നിലപാട് എന്നതും അക്കാര്യം അദ്ദേഹം ഉന്നയിച്ചിരുന്നു എന്നതും ചരിത്രമാണ്. നെഹ്‌റു അതിന് എതിരായിരുന്നുവെന്നതിന് വിശ്വാസ്യയോഗ്യമായ ഒരു രേഖയുമില്ല എന്നതുമുണ്ട്. ഒരിക്കല്‍പോലും മൗണ്ട് ബാറ്റണില്‍ പരസ്യമായ നീരസം പ്രകടിപ്പിച്ച നെഹ്രുവിനെ കണ്ടിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്. ഭരണ പരിചയക്കുറവ് അന്ന് നെഹ്രുവും പട്ടേലും അടക്കം പലര്‍ക്കുമുണ്ടാവാം. പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങളും കണ്ടേക്കാം. പക്ഷെ, അവിടെയെല്ലാം ഒരു ദേശീയ കാഴ്ചപ്പാടിന്റെ അഭാവം പ്രകടമായി എന്നതാണ് പ്രശ്‌നം. മൗണ്ട് ബാറ്റണ്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്കാണ് നെഹ്രു എന്നും പ്രധാന്യം കല്‍പ്പിച്ചത് എന്നതാണ് അതിന്റെ മൂല കാരണം. പക്ഷെ പാക് സേനയെ തുരത്താമെന്നും കശ്മീരില്‍ പ്രശ്‌നമുണ്ടാവില്ല എന്നുമുള്ള സൈനിക മേധാവികള്‍ നല്‍കിയ ഉറപ്പും മറ്റും അവഗണിച്ചതില്‍ ആര്‍ക്കാണ് പങ്ക് എന്നതു പരിശോധിക്കുമ്പോഴും ഇതൊക്കെ പറയേണ്ടതായി വരും.
1947 ഒക്ടോബര്‍ 26 ന് ഇന്ത്യയുടെ ഭാഗമാവുന്നതായി കശ്മീര്‍ തീരുമാനിച്ചു. ആ ധാരണാപത്രത്തില്‍ മഹാരാജ ഹരിസിംഗ് ഒപ്പുവെച്ചു. അതോടെ മുഴുവന്‍ കശ്മീരും ഇന്ത്യയിലായി. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് മഹാരാജ ഹരി സിങ് കാശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ചത്. അവിടെ സംശയത്തിന്റെയോ ആശയക്കുഴപ്പത്തിന്റെയോ പ്രശ്‌നമേയില്ലല്ലോ. എന്നാല്‍ അപ്പോഴും ‘ ഗോത്രവര്‍ഗക്കാര്‍ ‘ കടന്നുകയറിയ ഭൂപ്രദേശം നമുക്ക് അന്യമായി. അതിനുകാരണം നമ്മുടെ ധീര സൈനികരെ അവഗണിച്ചതും അവിശ്വസിച്ചതും, പിന്നെ മൗണ്ട് ബാറ്റണ് വഴങ്ങിയതുമാണ്. അതിനപ്പുറം, ഇപ്പോള്‍ ചിലരെല്ലാം ചൂണ്ടിക്കാണിക്കുന്ന, ഹിതപരിശോധന നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ എന്തിനെടുത്തു എന്നതും ചോദ്യം ചെയ്യപ്പെടേണ്ടുന്ന കാര്യമല്ലേ. ഇന്ത്യയില്‍ ലയിക്കാന്‍ കശ്മീര്‍ രാജാവ് തീരുമാനിച്ചതിനുശേഷം, അതുസംബന്ധിച്ച രേഖകളില്‍ ഒപ്പുവെച്ചശേഷം, എന്തിനുപിന്നെ ഒരു ഹിതപരിശോധന?. അത് സര്‍ദാര്‍ പട്ടേലിന്റെ തീരുമാനമാണ് എന്ന് കരുതുക വയ്യ ; മറിച്ചു നെഹ്രുവിന്റേതാണ് ; ഷെയ്ഖ് അബ്ദുള്ളയുടേയും മൗണ്ട് ബാറ്റന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയതാവണം എന്നൊക്കെ കരുതാന്‍ സാഹചര്യങ്ങള്‍ ഉണ്ടുതാനും. ഷെയ്ഖ് അബ്ദുള്ളക്ക് നെഹ്രുവിലുണ്ടയിരുന്ന സ്ഥാനമെന്തെന്നത് ഏവര്‍ക്കുമറിയാം. അത് വഴിവിട്ടതായി മാറിയെന്നു കരുതുന്നവര്‍ അക്കാലത്തു കോണ്‍ഗസ്സിലുണ്ടായിരുന്നുതാനും. ഇന്ത്യ സ്വതന്ത്രമായാലും സമാധാനത്തോടെ മുന്നോട്ടുപോകരുതെന്ന് ഒരു ബ്രിട്ടീഷുകാരന്‍ ചിന്തിച്ചുവെങ്കില്‍ അതിശയിക്കാനുമില്ലല്ലോ. ഷെയ്ഖ് അബ്ദുള്ളയും ഇവിടെ പരാമര്‍ശിക്കപ്പെടാതെ പൊയ്ക്കൂടാ. 1947 സെപ്തംബര് 29 ന് ഷെയ്ഖ് അബ്ദുള്ളയെ ജയില്‍ മോചിതനാക്കിയിരുന്നു. തുടര്‍ന്നുള്ള നെഹ്രുവിന്റെ തീരുമാനങ്ങളില്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു ഒരു റോള്‍. ഇവിടെയെല്ലാം ഗാന്ധിജി എന്തുകൊണ്ട് മൗനം ദീക്ഷിച്ചു എന്നതും സുപ്രധാനമാണ് എന്നത് പറയാതെ വയ്യതാനും.
Post Your Comments