ആലപ്പുഴ: പക്ഷിപ്പനി ആലപ്പുഴയില്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി, മുട്ട തുടങ്ങിയവയുടെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ദിവസം വരെ 140 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ ഇന്നലത്തെ വില 90 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണു സൂചന. കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നത് വില്‍പന കുറയാൻ കാരണമായി എന്ന് കച്ചവടക്കാര്‍ പറഞ്ഞു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവയ് ക്ക്തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് ഏക പോംവഴിയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചാക്ക് തീറ്റക്ക് 1,350 രൂപയാണ് വില.
ഇറച്ചിക്കോഴിയുമായത്തെിയ ലോറികള്‍ അതിര്‍ത്തികളില്‍ പിടിച്ചിടുന്ന സാഹചര്യമാണുള്ളത്. ഇതോടെ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴി വരവും നേര്‍ പകുതിയായി കുറഞ്ഞു എന്നും കച്ചവടക്കാർ പറയുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമളി, ചിന്നാര്‍, കമ്പംമെട്ട് ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. താറാവിനും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ല. മുട്ടക്കച്ചവടത്തിനും വ്യാപക രീതിയില്‍ കുറവ് വന്നിട്ടുണ്ട്. കടകളില്‍ ഒരാഴ്ച മുമ്പ് വരെ എടുത്ത് വെച്ചിരുന്ന മുട്ടകൾ 2 ദിവസമായിട്ടും കച്ചവടം ചെയ്‌തിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. 5 രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 3.50 രൂപ വരെ വിലയിടിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ താറാവ് കര്‍ഷകരും വില്‍പന കേന്ദ്രങ്ങളും കുറവായതിനാല്‍ വലിയ പ്രതിസന്ധിയുണ്ടായിട്ടില്ല. ഹോട്ടലുകളിലേക്കു കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളുടെ എണ്ണം നേര്‍പകുതി കുറഞ്ഞതോടെ ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മത്സ്യം,മാട്ടിറച്ചി എന്നിവയെ ആശ്രയിച്ച് തുടങ്ങിയതായും താറാവ് വിഭവങ്ങളുടെ വില്പന പൂർണമായി നിര്‍ത്തിവെച്ചന്നും ഹോട്ടലുടമകള്‍ വ്യക്തമാക്കി. പക്ഷിപ്പനി ഭീതി തട്ടുകടകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ചെക് പോസ്റ്റുകളില്‍ ശരിയായ പരിശോധന ഇല്ലാതെ ഇറച്ചി കോഴികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാന്‍ ആര്‍ടിഒ, പോലീസ് എന്നിവരെ നിയോഗിച്ചു. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Post Your Comments