തിരുവനന്തപുരം: കടയിൽ നിന്ന് സാധനം കടം കൊടുക്കാതിരുന്നതിന് പ്രതികാരം വീട്ടിയിരിക്കുകയാണ് മൂന്നംഗ സംഘം. പോലീസ് അസോസിയേഷൻ ഭാരവാഹികളെന്ന പേരിൽ കടയിലെത്തിയ മൂന്നംഗ സംഘമാണ് സാധനം കടം കൊടുക്കാതിരുന്നതിന് നോ പാർക്കിംഗ് ബോർഡ് വച്ച് പ്രതികരിച്ചത്. എം.ജി റോഡിൽ ആയുർവേദ കോളേജ് ഭാഗത്തുനിന്ന് പുളിമൂട് ജംഗ്ഷനിലേക്ക് എത്തുന്നതിനിടെ ഇടതുവശത്ത് നൂറുമീറ്റർ ഭാഗത്താണ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചത്. ഇവിടെ പാർക്കിംഗ് ഏരിയയായി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അവിടെയാണ് പാർക്കിംഗ് തടഞ്ഞ് പോലീസിന്റെ പ്രതികാരം.
കഴിഞ്ഞ വെളളിയാഴ്ച ഈ ഭാഗത്തെ ഒരു സ്ഥാപനത്തിലെത്തിയ ഈ സംഘം സൗണ്ട് സിസ്റ്റത്തിന്റെ പാർട്സുകൾ വാങ്ങി. പക്ഷെ ബില്ല് നൽകിയപ്പോൾ പണമോ ചെക്കോ നൽകാൻ ഇവർ തയ്യാറായില്ല. തുടർന്ന് പോലീസ് അസോസിയേഷൻ ഭാരവാഹികളാണെന്ന പേരിൽ സാധനവുമായി പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം നൽകാതെ സാധനങ്ങൾ തരില്ലെന്ന് കടയുടമ പറയുകയും തുടർന്ന് സാധനങ്ങൾ തിരികെക്കൊടുത്ത് ഇവർ കടയിൽ നിന്ന് മടങ്ങുകയും ചെയ്തു. തുടർന്ന് അടുത്തദിവസം കടയ്ക്ക് മുന്നിൽ നൂറ് മീറ്റർ ഭാഗത്ത് ഇരുവശത്തേക്കും ട്രാഫിക് പോലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് പ്രതികാരം വീട്ടി.
നോ പാർക്കിംഗ് ബോർഡ് റോഡിൽ നിരന്നതോടെ സമീപത്തെ കടകൾക്ക് മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത നിലയിലായി. ദീപാവലി കച്ചവടത്തിരക്കിനിടെ വ്യാപാരികളോടുള്ള പോലീസിന്റെ പ്രതികാരം വ്യാപക പ്രതിഷേധത്തിനിടയാക്കി. വ്യാപാരികളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപാരി സംഘടനാ ഭാരവാഹികൾ സംഭവം ട്രാഫിക് പോലീസിനെയും സിറ്റി പോലീസ് മേധാവികളെയും ധരിപ്പിച്ചെങ്കിലും ബോർഡുകൾ നീക്കം ചെയ്യാൻ ആരും തയ്യാറായിട്ടില്ല.
Post Your Comments