പട്ന: റെയില്‍ ടെല്‍ നടത്തിയ സര്‍വ്വേയില്‍ സര്‍ക്കാരിന്റെ സൗജന്യ വൈഫൈ സേവനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പട്ന സ്റ്റേഷനില്‍ അശ്ലീല വീഡിയോ കാണുവാന്‍ എന്ന് കണ്ടത്തി. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സ്റ്റേഷനില്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ചു. ഇനി മുതല്‍ പട്ന റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപോഗിക്കുന്നവര്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സാധിക്കില്ല.
സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശം ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ അരവിന്ദ് രജക് റെയില്‍ടെകിന് നല്‍കി. യാത്രകാര്‍ക്ക് കൃത്യമായ സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് വൈ ഫൈ നല്‍കിയിരുന്നത്. എന്നാല്‍ സേവനം ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ച് ആളുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
മൊബൈല്‍ ആപ്പുകളും, സിനിമകളും ഡൗണ്‍ലോഡ് ചെയ്യാനാണ് രണ്ടാമതായി വൈഫൈ ഉപയോഗിച്ചിരുന്നത്. യുവാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി മണിക്കൂറുകളോളം ചിലവഴിച്ചു സൗജന്യ സേവനം ഉപയോഗിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1 ജിബി വൈഫൈ ആണ് പട്ന സ്റ്റേഷനില്‍ അനുവദിച്ചിരുന്നത്. വേഗത ഇല്ലാത്തതിനാല്‍ ഇത് 10 ജിബി ആയി ഉയര്‍ത്തുന്നതിനും നിര്‍ദേശം നല്‍കി. ജയ്പൂര്‍ സ്റ്റേഷനാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. ആന്ധ്രപ്രദേശ്, വിശാഖപട്ടണം, ത്സാര്‍ഖണ്ഡ്, റാഞ്ചി എന്നീ സ്റ്റേഷനുകളിലും വൈഫൈ സേവനം ഒരുക്കിയിട്ടുണ്ട്.
Post Your Comments