
തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ഒ.പി.യിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഇരുനില ആകാശ ഇടനാഴിയുടെ (സ്‌കൈ വാക്ക്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ കണക്ക് ആരേയും അമ്പരപ്പിക്കുന്നതാണ്. ഒരു വര്‍ഷം 10 ലക്ഷം പേരാണ് ഒ.പി.യിലെത്തുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കുന്നുണ്ട്. ലക്ഷക്കണക്കിനാള്‍ക്കാരാണ് അത്യാഹിത വിഭാഗത്തിലെത്തുന്നത്.
ഇതില്‍ ഏറ്റവും പ്രധാനമാണ് ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്നത്. വളരെ ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ വന്ന് ഒ.പി.യില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുന്ന അവസ്ഥ വളരെ സങ്കടകരമാണ്. ഭക്ഷണം പോലും കഴിക്കാതെ രോഗികളും അവരുടെ കൂടെവരുന്നവരും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം കാണും. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി 10,000ലധികം പേരാണ് ഈ ദുരിതമനുഭവിക്കുന്നത്. ഈ ക്യൂ സമ്പ്രദായത്തിന് അവസാനമുണ്ടാക്കും.
ഓണ്‍ലൈന്‍ വഴി ഒ.പി.ടിക്കറ്റെടുത്ത് വരാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ അറിയാത്ത സാധാരണക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ എയിംസ് നടപ്പിലാക്കി വിജയിപ്പിച്ച പദ്ധതിയായിരിക്കും ഇവിടെ അവതരിപ്പിക്കുക. മെഡിക്കല്‍ കോളേജിന്റെ 65-ാം വര്‍ഷത്തില്‍ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്.
എല്ലാരോഗങ്ങള്‍ക്കും സൗജന്യ ചികിത്സ
ചികിത്സയ്ക്കാണ് ഏറ്റവുമധികം പണം ചെലവഴിക്കേണ്ടി വരുന്നത്. വര്‍ധിച്ച ചികിത്സാ ചെലവ് പലരേയും ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളി വിടുന്നു. ഇതിന് പരിഹാരമായി എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് സൗജന്യ നിരക്കും ഏര്‍പ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബങ്ങളുമായി ബന്ധപ്പെടുത്തും. അതിലൂടെ പ്രാഥമികാരോഗ്യ ശൃംഘല ശക്തിപ്പെടുത്താനാകും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി ആമ്പുലന്‍സ് നെറ്റ് വര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി സൗജന്യ ചികിത്സാ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ അനേകായിരം നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
മികവിന്റെ 65-ാം വര്‍ഷത്തില്‍ 65 ഇന കര്‍മ്മപദ്ധതികള്‍
സര്‍ക്കാരിന്റെ കീഴില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ശരിയായ രീതിയില്‍ നടക്കുന്നു. മികവിന്റെ 65-ാം വര്‍ഷത്തില്‍ 65 ഇന കര്‍മ്മപദ്ധതികള്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അക്കാഡമിക് രംഗവും ചികിത്സാ രംഗവും ഏകോപിപ്പിച്ച് യുദ്ധകാലാടസ്ഥാനത്തില്‍ ഇവയെല്ലാം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ.പി. ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ റോഡിന് ഇരുവശത്താണുള്ളത്. പ്രതിദിനം 5000 വാഹനങ്ങളാണ് മെഡിക്കല്‍ കോളേജിലെ ഈ റോഡിലൂടെ കടന്നു പോകുന്നത്. ഈ തിരക്കേറിയ റോഡിലൂടെയാണ് വീല്‍ചെയറിലും സ്‌ട്രെച്ചറിലും അത്യാസന്നരായ രോഗികളെക്കൊണ്ടു പോകുന്നത്.
അത്യാഹിത വിഭാഗത്തിലെ രോഗികള്‍ വിവിധ ടെസ്റ്റുകള്‍ക്കും സ്‌കാനിംഗുകള്‍ക്കുമായി ഈ റോഡ് മുറിച്ച് കടന്നാണ് ബ്ലഡ്ബാങ്കിലേക്കും ഒ.പി. ബ്ലോക്കിലേക്കും വരുന്നത്. 2008ലാണ് പുതിയ ബ്ലഡ് ബാങ്ക് സ്ഥാപിതമായത്. 2010ല്‍ ആ കെട്ടിടത്തില്‍ എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങി. 2011ല്‍ പുതിയ ഒ.പി. ബോക്ക് ആരംഭിച്ചു. ഇതോടെ റോഡ് മുറിച്ച് കടക്കാന്‍ വലിയ തിരക്കായി. ഒ.പി.യിലെത്തുന്ന രോഗികള്‍ക്ക് വാര്‍ഡില്‍ അഡ്മിറ്റാകാനും ഈ റോഡ് മറികടന്നുവേണം പോകാന്‍. 3000ലധികം രോഗികളും അവരുടെ സഹായികളും ഉള്‍പ്പെടെ പ്രതിദിനം പതിനായിരങ്ങളാണ് റോഡ് മുറിച്ച് കടക്കുന്നത്. ഇങ്ങനെ നിരന്തരം റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമാണ് ഈ ആകാശ ഇടനാഴിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
5.2 കോടി രൂപ ചെലവഴിച്ച് ആകാശ ഇടനാഴി സ്ഥാപിച്ച ഇന്‍ഫോസിസിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ പത്മശ്രീ സുധാമൂര്‍ത്തിക്ക് സര്‍ക്കാരിന്റേയും മെഡിക്കല്‍ കോളേജിന്റേയും വക പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു.
ആകാശ ഇടനാഴിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച പ്രമോദ് എസ്. കുമാര്‍ (ഇന്‍ഫോസിസ്), രാജു കരുണാകരന്‍ (ശോഭ ലിമിറ്റഡ്), ജോണ്‍സണ്‍ ജോസ് (ശോഭ ലിമിറ്റഡ്), ടി. ശ്രീകുമാര്‍ നായര്‍ (മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), ഡോ. സുല്‍ഫിക്കര്‍ എം.എസ്. (മുന്‍ ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്), എസ്. സച്ചിന്‍ (സേഫ് മെട്രിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ക്കും മുഖ്യമന്ത്രി ഉപഹാരം നല്‍കി.
വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശ്രീ സുധാ മൂര്‍ത്തി വിശിഷ്ടാതിഥിയായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സ്വാഗതമാശംസിച്ച ചടങ്ങില്‍ ഇന്‍ഫോസിസ് കേരള ഡെവലെപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു.
നഗരസഭ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാംദാസ് പിഷാരടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് കൃതജ്ഞത രേഖപ്പെടുത്തി.
Post Your Comments