കണ്ണൂര്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നു. സി.ഐ.ടി.യു നേതൃത്വത്തില്‍ തുടരുന്ന സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നതായാണ് മാനേജ്‌മെന്റ് വെളിപ്പെടുത്തിയത്. ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറത്തേക്ക് കോളേജ് മാറ്റുന്നതുവരെ കേന്ദ്രസേനയുടെ സംരക്ഷണം ഉണ്ടാകണമെന്നും മാനേജ്‌മെന്റ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ നൂറോളം ജീവനക്കാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13 മുതലാണ് സമരം തുടങ്ങിയത്. മിനിമം വേതനം അനുവദിക്കുക, ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ 2015-16 വര്‍ഷത്തെ ബോണസ് തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെയുണ്ടാക്കിയ കരാര്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളികള്‍ക്ക് മിനിമം വേതന വിജ്ഞാപന പ്രകാരമുള്ള വേതനം നല്‍കുന്നില്ലെന്നും ബോണസ് ആക്ടിന് വിധേയമായി നിയമവ്യവസ്ഥ പാലിക്കുന്നില്ലെന്നും പ്രോവിഡന്റ് ഫണ്ട് നടപ്പാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. രണ്ടുതവണ ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെയും നാലുതവണ കോടതി നിശ്ചയിച്ച മീഡിയേറ്റര്‍ മുമ്പാകെയും ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.
ലേബര്‍ കമ്മിഷണര്‍ ഓഫീസര്‍ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരത്ത് ഭരണതലത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ജീവനക്കാര്‍ക്ക് കേവലം 2000 രൂപ മാത്രം ബോണസ് നല്‍കാന്‍ മാത്രമാണ് മാനേജ്‌മെന്റ് തയ്യാറായത്. തുടര്‍ന്ന് പല ദിവസങ്ങളിലും കോളേജും പരിസരവും സംഘര്‍ഷാവസ്ഥയിലായിരുന്നു. കോളേജ് വളപ്പില്‍ നിര്‍ത്തിയിട്ട നാലു വാഹനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച തകര്‍ക്കുകയും ചെയ്തു.
എം.അബ്ദുള്‍ ജബ്ബാര്‍ ചെയര്‍മാനായ പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. 2006ലാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ഈ വര്‍ഷം ഗവണ്‍മെന്റുമായി സ്വാശ്രയ പ്രവേശന കരാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും സ്വന്തം നിലയില്‍ എല്ലാ സീറ്റിലേക്കും അഡ്മിഷന്‍ നടത്തുകയും ചെയ്ത കോളേജാണിത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒരു മെഡിക്കല്‍ കോളേജ് മറ്റൊരു ജില്ലയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ കോടതി എങ്ങനെയാണ് കാണുമെന്ന് വ്യക്തമല്ല. നിലവില്‍ കോളേജില്‍ 6000ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠിക്കുന്നുണ്ട്. പുതുതായി കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുമുണ്ട്. മലപ്പുറത്തേക്ക് കോളേജ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. മലപ്പുറത്തേക്ക് പൂര്‍ണമായും മാറുന്നതിന് ഒരുവര്‍ഷം സമയം വേണ്ടിവരുമെന്നും പറയുന്നു.
Post Your Comments