ന്യൂഡല്‍ഹി: 57 പ്രമുഖര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് രാജ്യത്തിന് 85,000 കോടി രൂപയുടെ നഷ്ടമെന്ന് സുപ്രീംകോടതി. 500 കോടിക്കു മുകളില്‍ വായ്പയെടുത്തവരെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയാറാവാത്തത് എന്തുകൊണ്ടാണ്? ആരൊക്കെ കടം എടുത്തവര്‍? അവരില്‍ ആരെല്ലാം തിരിച്ചടക്കാന്‍ ഉണ്ടെന്നും ഇത്തരക്കാരെ പൊതുജനങ്ങള്‍ക്കുമുമ്പാകെ വെളിപ്പെടുത്താന്‍ എന്ത് കൊണ്ട് തയാറാവുന്നില്ല എന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ നേതൃത്വം നല്‍കുന്ന ബെഞ്ച് കേന്ദ്ര ബാങ്കിനോട് ചോദിച്ചു.
വിവരാവകാശ അപേക്ഷ പ്രകാരം ആരെങ്കിലും സമീപിച്ചാല്‍ അതാരൊക്കെയാണെന്ന് അറിയിക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും കോടതി പറഞ്ഞു.ബാങ്കിന്‍െറ താല്‍പര്യം മുന്‍നിര്‍ത്തി പേരുവിവരങ്ങള്‍ നല്‍കാന്‍ ആവില്ലെന്നു ആര്‍.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ബാങ്കിന്‍െറ താല്‍പര്യത്തിനനുസരിച്ചല്ല, രാജ്യതാല്‍പര്യത്തിന് വേണ്ടിയാണെന്ന് കോടതി ബെഞ്ച് തിരുത്തി.
വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സെന്‍റര്‍ ഫോര്‍ പബ്ളിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍.ജി.ഒക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരായി. ഈ മാസം 28ന് കേസില്‍ ബെഞ്ച് വീണ്ടും വാദം കേള്‍ക്കും. വര്‍ധിച്ചുവരുന്ന കടബാധ്യതയിലും കിട്ടാക്കടത്തിലും സുപ്രീംകോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് കോടികള്‍ കടം എടുക്കുന്നവര്‍ അത് തിരിച്ചടക്കാതെ രക്ഷപ്പെടുകയാണെന്നും അതേസമയം, ഒന്നരയും രണ്ടും ലക്ഷം വായ്പയെടുക്കുന്ന കര്‍ഷകരെ ബുദ്ധമുട്ടിക്കുകയാണ് ബാങ്ക് ചെയ്യുന്നതെന്നും കോടതി പറയുന്നു.
Post Your Comments