സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചെന്ന് ചില മലയാളം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് സൗദിയില്‍ അമീറ അല്‍ തവീല്‍ എന്ന രാജകുമാരി തന്റെ ബുര്‍ഖയും ഹിജാബും എന്നന്നേക്കുമായി ഉപേക്ഷിച്ചെന്നായിരുന്നു വാര്‍ത്ത.
സ്ത്രീകളുടെ അവകാശം നേടിയെടുക്കാനും സ്ത്രീകള്‍ക്ക് മേലുള്ള വിലക്കുകള്‍ വലിച്ചെറിയപ്പെടണമെന്നുമുള്ള ആഹ്വാനവുമായാണ് സൗദി രാജകുടുംബത്തില്‍നിന്നുള്ള ശക്തമായ സ്ത്രീ സാന്നിധ്യമായ അമീറാ രംഗത്തെത്തിയതെന്നും ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായതെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
എന്നാല്‍ എന്താണ് ശരിക്കും സംഭവിച്ചത്. സൗദി രാജകുമാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമീറ ഇപ്പോള്‍ സൗദി രാജകുമാരി അല്ല എന്നുള്ളതാണ് ഒന്ന്. രാജകുടുംബാംഗവും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദിന്റെ മുന്‍ ഭാര്യയാണ് കഥാനായിക അമീറ. റിയാദിലെ ഉതൈബ കുടംബാംഗമാണ് ഇവര്‍. 18 ാം വയസിലാണ് വലീദ് രാജകുമാരനെ അമീറ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് തന്നെക്കാള്‍ 28 വയസ് കൂടുതലുള്ള രാജകുമാരനെ അമീറ വിവാഹം കഴിക്കുകയും ചെയ്തു. 2013 ല്‍ അല്‍വലീദ് രാജകുമാരനും അമീറയും വിവാഹമോചിതരാവുകയും ചെയ്തു. ഇതോടെ രാജകുടുംബവുമായുള്ള അമീറയുടെ ബന്ധവും അവസാനിച്ചു.
മാത്രമല്ല, സാമൂഹ്യ രംഗങ്ങളില്‍ അമീറ നേരത്തെ തന്നെ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പണ്ട് മുതല്‍ തന്നെ അമീറ ബുര്‍ഖയും ഹിജാബും ധരിക്കാതെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളതും. ബുര്‍ഖയ്ക്കും ഹിജബിനുമെതിരെ അമീറ അടുത്ത കാലത്തൊന്നും പ്രസ്താവന നടത്തിയതായി ഒരു അന്താരാഷ്ട്ര മാധ്യമം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. 2010-2013 കാലയളവില്‍ ചില മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍ അമീറ ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. 2011 ല്‍ അമീറ സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും അമേരിക്കന്‍ ടി.വിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നു.
ഈ പഴയവാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കുകയായിരുന്നു. പിന്നാലെ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കാതെ അതേപടി പകര്‍ത്തിയതോടെ ഇതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കുകയും ചെയ്തു. ചില സെലിബ്രിറ്റികളും ഈ വാര്‍ത്ത ഷെയര്‍ ചെയ്തതോടെ ബുര്ഖാവിരോധികളും ബുര്ഖാനുകൂലികളും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ വേദിയായത്.
Post Your Comments