NewsInternational

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസിനെ വേരോടെ പിഴുതെറിഞ്ഞാല്‍ തിരിച്ചടി കിട്ടുന്നത് ബ്രിട്ടണ്

ലണ്ടന്‍ : ഐ.എസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും എന്നെന്നേക്കും പിഴുതെറിയാനുള്ള നിര്‍ണായക പോരാട്ടത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാഖ്കുര്‍ദിഷ് സേനയും. പോരാട്ടത്തില്‍ ഐ.എസിന്റെ കൈവശമുള്ള മൊസൂള്‍ അമേരിക്ക തിരിച്ചുപിടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസിനെ പുറത്താക്കിയാല്‍ ബ്രിട്ടന്‍ കുഴപ്പത്തിലാകുമെന്ന മുന്നറിയിപ്പും പുറത്ത് വന്നിട്ടുണ്ട്.അതായത് ബ്രിട്ടനില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്ക് പോയി ഐ.എസ് താവളങ്ങളില്‍ നിന്നും പരിശീലനം നേടിയ അഞ്ഞൂറോളം ജിഹാദികള്‍ യു.കെയിലേക്ക് തിരിച്ചെത്തി ഇവിടെ സ്‌ഫോടനങ്ങള്‍ നടത്തി കൂട്ടക്കുരുതിക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.
ഇപ്പോള്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തിലൂടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂളില്‍ നിന്നും പുറത്താക്കപ്പെടുന്നതോടെ ഐ.എസ് തങ്ങളുടെ പ്രവര്‍ത്തനം ബ്രിട്ടണിലേക്ക് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മിനിസ്റ്ററായ റോറി സ്റ്റുവര്‍ട്ട്  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ പ്രതികൂല സാഹചര്യത്തില്‍ ഇവിടങ്ങളിലുള്ള ബ്രിട്ടീഷ് ജിഹാദികള്‍ തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇത്തരത്തില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട പ്രതികാരം തീര്‍ക്കാനായി ഐ.എസ് , ബ്രിട്ടണടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ഭീകരാക്രമണം നടത്തുമെന്നാണ് റോറി മുന്നറിയിപ്പേകുന്നത്.

മൊസൂള്‍ പിടിച്ചടക്കാന്‍ ഇറാഖി-കുര്‍ദിഷ് സേനകള്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ മുന്നേറ്റം തുടരുന്നതിനിടെയാണ് റോറിയുടെ നിര്‍ണായകമായ മുന്നറിയിപ്പുകള്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനകള്‍ ഐ.എസില്‍ നിന്ന് നിരവധി ശക്തി കേന്ദ്രങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇത് മൊസൂള്‍ പിടിച്ചടക്കുന്നതിന് സഖ്യകക്ഷി സേനകള്‍ക്ക് ആത്മവിശ്വാസം പകരുന്നുവെന്നും റോറി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button