KeralaIndiaNews

മണ്ണാറശാല എന്ന , ജന്മാന്തര പുണ്യങ്ങളുടെ നിലവറ; ആയില്യം തൊഴുത് ഭക്തജനലക്ഷങ്ങൾ- ഐതീഹ്യവും ചരിത്രവും

സുജാതാ ഭാസ്കര്‍;

ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത്‌ ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന് എഴുന്നളളുന്നത്. വൈകീട്ട് ഇല്ലത്തെ കാരണവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നൂറും പാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നീ ചടങ്ങുകളോടെ ആയില്യം ഉത്സവത്തിന് സമാപനമാകും.ആയില്യം ചടങ്ങുകളില്‍ പങ്കെടുക്കാനും നാഗരാജാവിന് നൂറും പാലും നിവേദിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു

ആയില്യം ബഹുവിശേഷം

നേരത്തെ കന്നി ആയില്യത്തിനായിരുന്നു പ്രാധാന്യം. കന്നി ആയില്യത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ മഹാരാജാവിന്റെ നിര്‍ദേശപ്രകാരമാണ്‌ തുലാം ആയില്യം കൊണ്ടാടിയത്‌ . ആയില്യം സര്പ്പങ്ങളുടെ ദിവസമായി കണക്കാക്കപ്പെടുന്നു.അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്‌ക്കു മാത്രമാണ്‌ അവകാശം. പുണര്‍തം മുതല്‍ വൈവിധ്യമേറിയ കലാപരിപാടികളാല്‍ സമ്പന്നമായ ഉത്സവം തുടങ്ങുമെങ്കിലും പൂയം നാളില്‍ നടക്കുന്ന സദ്യയ്‌ക്ക് അതീവ പ്രാധാന്യമുണ്ട്‌. പതിനായിരക്കണക്കിനു ആളുകള് ക്ഷേത്രത്തിലെത്തുന്നതു പതിവാണ്.ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളത്ത്‌ ഇല്ലത്തെ നിലവറയിലേക്ക്‌ എത്തിയാല്‍ പതിവു പൂജകള്‍ക്കു ശേഷം അമ്മ ആയില്യം പൂജ തുടങ്ങും.മഞ്ഞളിന്‍റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്‍റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല ക്ഷേത്ര പരിസരം.ഏതാണ്ട് മുപ്പത് ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ ഭൂരിഭാഗവും കാവാണ്. മണ്ണാറശാല ഇല്ലം വകയാണ് ക്ഷേത്രം.ഈ ക്ഷേത്രത്തിൽ ഗണപതി, ദുർഗ്ഗ, ഭദ്രകാളി, ശിവൻ, ശാസ്താവ്‌ എന്നീ ഉപദേവതകളുണ്ട് . നാഗദൈവ വിശ്വാസികൾക്ക് പ്രധാന തീർത്ഥാടന കേന്ദ്രമാണ് മണ്ണാറശാല.

ചരിത്രം

മണ്ണാറശാല ക്ഷേത്രം മധ്യ തിരുവിതാംകൂറിലെ ഹരിപ്പാടിനടുത്തുള്ള ഗ്രാമത്തിൽ ആണുള്ളത്.ഇപ്പോള്‍ ആലപ്പുഴയിലുള്ള ഒരു വലിയ പ്രദേശമായിരുന്നത്രെ പഴയ ‘ഖാണ്ഡവവനം പഞ്ചപാണ്ഡവരിലെ അര്‍ജ്ജുനന്‍ ചുട്ടു ദഹിപ്പിച്ചത്രെ. അങ്ങനെ അവിടം ‘ചുട്ടനാട് എന്നറിയപ്പെടുകയും കാലക്രമേണ ‘കുട്ടനാട് എന്നായിത്തീരുകയും ചെയ്തു. ജീവന്റെ നിലനിൽപ്പിന് അനുപേക്ഷണീയമായ വൃക്ഷലതാദികളുടെ സഞ്ചയം തീര്‍ക്കുന്ന കാവുകളും കുളങ്ങളും ജീവവായു പോലെ സംരക്ഷിക്കപ്പെടുന്ന അപൂര്‍വ ദേശം.പ്രകൃതിയുടെ പച്ചപ്പിലേക്ക് ഇറങ്ങിച്ചെന്ന പ്രതീതിയാണ് നമുക്ക് അവിടേക്ക് ചെല്ലുമ്പോൾ ഉണ്ടാവുക.എല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വല്യമ്മ എന്ന് വിളിക്കുന്ന ഇല്ലത്തെ മുതിർന്ന അന്തർജ്ജനമാണ് അവിടുത്തെ പൂജാരിണി. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്നിയാണ്‌ അമ്മ സ്‌ഥാനത്തെത്തുന്നത്‌. മണ്ണാറശാലയില്‍ ഇന്നും അമ്മ പൂജ കഴിക്കുവാന്‍ കാരണമിതാണ്. പ്രകൃതിക്ക് പച്ച നിറമെങ്കിൽ അന്തരീക്ഷത്തിനു മഞ്ഞളിന്റെ മണമാണ്.

ഐതീഹ്യം

ഇവിടുത്തെ ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും സന്താനമില്ലാത്തതിന്റെ ദുഃഖം മനസ്സിലടക്കി ഈശ്വര ഭജനവു പൂജകളും ആയി കഴിച്ചു കൂട്ടി. ഇല്ലത്തിനടുത്തുണ്ടായിരുന്ന കാവിൽ ഉള്ള നാഗ രാജാവിനെ ആയിരുന്നു അവർ പൂജിച്ചിരുന്നത്.. ഈ സമയത്ത് അവിടെ വനപ്രദേശത്ത് തീപിടുത്തമുണ്ടായി . അവിടെ നിന്ന് മരണ വെപ്രാളത്തിൽ ഇഴഞ്ഞു വന്ന സർപ്പങ്ങളെ ദമ്പതികൾ രക്ഷപെടുത്തി . രാമച്ച വിശറിയാൽ വീശി, തേനും നെയ്യും കരിക്കിന്‍വെള്ളം, മഞ്ഞള്‍പൊടി അഭിഷേകം ചെയ്തു. അങ്ങനെ രക്ഷപെട്ട സർപ്പങ്ങളെ കത്തിയമരാത്ത വൃക്ഷങ്ങളുടെ വേരുകളിലും മറ്റും ഇരുത്തി.മന്ത്ര ജപത്താൽ മുറിവുകൾ ഉണക്കി. കാട്ടു തീ അണഞ്ഞപ്പോൾ മണ്ണാ റിയ ശാല പിന്നീട് മണ്ണാറശാലയായി മാറി.സര്പ്പങ്ങളുടെ സംപ്രീതിക്ക് പാത്രമായ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികളെ പ്രസവിക്കുകയും ചെയ്തു. ഒരാള് മനുഷ്യക്കുട്ടിയും മറ്റൊരാൾ അഞ്ചുതലയുളള സര്‍പ്പശിശുവും എന്നാണ് ഐതീഹ്യം. സർപ്പശിശുവിനു സാധാരണ ജീവിതം നയിക്കാൻ പ്രയാസമുള്ളതുകൊണ്ട് തന്നെ ശാന്തവും നിശബ്ദവുമായ നിലവരയിലേക്ക് മാറി. വർഷത്തിൽ ഒരിക്കൽ മാതാവിനെ ദർശിക്കാൻ അനുമതി നല്കുകയും ചെയ്തു.ഇരിങ്ങാലക്കുട ഗ്രാമത്തിലെ ഇരിങ്ങാപ്പള്ളി മനയിലെ കാരണവരില്‍ ഒരാളായ വാസുദേവന്‍ നമ്പൂതിരി തപസ്സുചെയ്ത് അനന്തനെ പ്രത്യക്ഷപ്പെടുത്തിയെന്നും നമ്പൂതിരിയുടെ അഭീഷ്ടമനുസരിച്ച് അനന്തന്‍ അദ്ദേഹത്തിന്റെ മകനായി ജനിച്ചുവെന്നും മറ്റൊരു ഐതിഹ്യമുണ്ട്..ശിവരാത്രിയുടെ അടുത്ത ദിവസമാണ് അമ്മ നിലവറ പൂജ നടത്തുന്നത്.

ഉരുളി കമിഴ്‌ത്ത്
സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ വ്രതം അനുഷ്ഠിച്ചുകൊണ്ട്‌ ദമ്പതികള്‍ ക്ഷേത്രത്തിലെത്തുന്നു.. ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്‌ക്കു വെയ്ക്കുകയും വലിയമ്മ ഇതെടുത്തു നിലവറയിൽ കമിഴ്ത്തി വെക്കുകയും ചെയ്യും . സർപ്പം ഇതിന്റെ അടിയിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം മേല്‍ശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാര്‍ത്ഥന ഇവര്‍ ഏറ്റുചൊല്ലണം. തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങണം.കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി ആയിരക്കണക്കിനു ഭക്തരാണ് ഇതിനായി ഇവിടെയെത്തുന്നത് . സന്താന സൗഭാഗ്യം ലഭിച്ചവർ അനവധി .

മണ്ണാറശാല ക്ഷേത്രത്തിലെത്തുന്ന ഭക്‌തര്‍ക്കു പ്ലാവിന്‍തടിയില്‍ നിര്‍മിച്ച്‌ പടിഞ്ഞാറെ ഗോപുരത്തില്‍ നവഖണ്ഡത്തിനു ചുറ്റുമായി സ്‌ഥാപിച്ച ശില്‌പങ്ങളിലൂടെ ക്ഷേത്ര ഐതീഹ്യം കണ്ടറിയാം. 16 ശില്‌പങ്ങളാണുള്ളത്‌. പരശുരാമന്‍ മഴു എറിയുന്നതും ഖാണ്ഡവ വന ദഹനത്തെ തുടര്‍ന്ന്‌ ജീവജാലങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതുമെല്ലാം ശില്‌പത്തിലുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button