Kerala

വിവാദങ്ങള്‍ക്ക് പ്രതികരണവുമായി എകെ ബാലന്‍

തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനനി ജന്മരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ താന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാക്കിയത് സര്‍ക്കാരിന്റേയും വകുപ്പിന്റേയും പ്രതിച്ഛായ തകര്‍ക്കാനാണെന്ന് മന്ത്രി വ്യക്തമാക്കി. സഭയിലെ തന്റെ പ്രസംഗത്തിന്റെ സിഡി സ്പീക്കര്‍ക്ക് പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവിന്റെ സാനിധ്യത്തില്‍ പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു. എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ചട്ടം 186 അനുസരിച്ചുള്ള നോട്ടീസ് ഹൈബി ഈഡന്‍ നല്‍കിയത്. മന്ത്രി എകെ ബാലന്റെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. സാമാജികന്റെ അന്തസിനും നിലവാരത്തിനും ചേരാത്ത പരാമര്‍ശമാണ് മന്ത്രിയുടെ ഭാഗത്തിനിന്നുണ്ടായതെന്നും നോട്ടീസില്‍ പറയുന്നു. ആദിവാസികളെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം. ഇതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇങ്ങനെ ആയാല്‍ സഭ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് പുറത്തുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button