ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളിൽ പാക്കിസ്ഥാൻ സൈബർ സംഘം നുഴഞ്ഞുകയറാൻ സാദ്ധ്യത. ജാഗ്രതപാലിക്കാൻ ബാങ്കുകൾക്കു കേന്ദ്രസർക്കാർ നിർദേശം നല്‌കി. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ സൈബർ സുരക്ഷ ചുമതലയുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം – ഇന്ത്യ (സിഇആർടി – ഇൻ) ആണ് ജാഗ്രതാനിർദേശം നൽകിയത്.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള സൈബർ കുറ്റവാളികൾ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർത്താൻ ശ്രമം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. ബാങ്കിങ് മേഖല നിലവിൽ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ റിസർവ് ബാങ്കുമായി ചേർന്നു സിഇആർടി സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അക്കൗണ്ടുകളുടെ സുരക്ഷാ കവചം കൂടുതൽ ദൃഢമാക്കുകയാണു ലക്ഷ്യം എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എടിഎം കാർഡുകളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് വിവിധ ബാങ്കുകൾക്കു സിഇആർടി ഇ–മെയിൽ സന്ദേശം അയച്ചിരുന്നു. സൈബർ സുരക്ഷയ്ക്കു നിലവിലുള്ളതിനു പുറമെ പ്രത്യേകമായി നയം രൂപീകരിക്കാനും ബാങ്കുകൾക്കു നിർദേശം നൽകി. അത്യാധുനിക സാങ്കേതികവിദ്യയുടെ ബലത്തിലുള്ള സൈബർ അതിക്രമങ്ങളെ നേരിടാൻ നിലവിലുള്ള സുരക്ഷാമാനദണ്ഡങ്ങൾ അപര്യാപ്തമാണെന്നാണ് വിലയിരുത്തൽ.
സൈബർ ആക്രമണങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സിഇആർടി ബാങ്കുകൾക്കു ജാഗ്രതാനിർദേശം അയച്ചിരുന്നു. അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുന്ന ട്രോജൻ വൈറസിനെതിരെ മുൻകരുതലെടുക്കണമെന്നായിരുന്നു ജൂലൈ 1, ഓഗസ്റ്റ് 12, 24 തീയതികളിൽ അയച്ച നിർദേശത്തിലുണ്ടായിരുന്നത്.
Post Your Comments