ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവ് അടക്കം നാലു പേരെ പുറത്താക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ അനുകൂലിക്കുന്ന നിയമസഭാസാമാജികരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം യോഗം പാസ്സാക്കി.
ശിവപാല്‍ യാദവിന് പുറമെ, ഓം പ്രകാശ് സിംഗ്, നാരദ് റായി, ശതാബ് ഫാത്തിമ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. തന്റെ മന്ത്രിസഭയില്‍ അമര്‍സിംഗിന്റെ ആളുകള്‍ വേണ്ടെന്ന് അഖിലേഷ് യാദവ് അറിയിച്ചതായി മെയിന്‍പുരി എംഎല്‍എ രാജു യാദവ് വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവ് തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നാളെ എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും യോഗം വിളിച്ചിരുന്നു. അതിന് മുൻപാണ് അഖിലേഷ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ശിവപാലിനെതിരെ നടപടിയെടുത്തത്. യോഗത്തിലേക്ക് ശിവപാലിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ക്ഷണിച്ചിരുന്നില്ല.
ഇത് രണ്ടാം തവണയാണ് ശിവപാലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത്. നേരത്തെ അഖിലേഷിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും മുലായം സിംഗ് യാദവ് ഒഴിവാക്കിയിരുന്നു. പകരം ശിവപാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
Post Your Comments