Kerala

കാണാത്ത കണ്ണൂരിന്റെ കഥകളുമായി കണ്ണൂര്‍ ഡയറീസ്

കണ്ണൂര്‍● കണ്ണൂരിന്റെ മണ്ണിന്റെയും മനുഷ്യന്റെയും പുറംലോകമറിയാത്ത കഥകളുമായി കണ്ണൂര്‍ ഡയറീസ് (KANNUR DIARIES) ഫെയ്‌സ്ബുക്ക് പേജ്. പോയകാലത്തെ കണ്ണൂരിന്റെ കഥകള്‍, സ്ഥലങ്ങളുടെ സവിശേഷതകള്‍, വിവിധ ജീവിതമേഖലകളില്‍ വിജയക്കൊടി പാറിച്ച വ്യക്തികള്‍ എന്നിങ്ങനെ എവിടെയും ആഘോഷിക്കപ്പെടാത്ത സംഭവങ്ങളും ജീവിതങ്ങളുമാണ് ഈ ഫെയ്‌സ്ബുക്ക് പേജിലൂടെ വായനക്കാരിലെത്തുന്നത്. കണ്ണൂരിന്റെ വിവിധ മേഖലകളിലെ വിജയകഥകള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള ഉദ്ദേശ്യത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുളള പരിശ്രമമാണ് കണ്ണൂര്‍ ഡയറീസ് ഫേസ്ബുക്ക് പേജെന്ന് അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരിലെ ജനങ്ങള്‍, അവരുടെ മനോഭാവം, ജീവിതത്തോടുളള കാഴ്ചപ്പാട്, ജീവിത രീതികള്‍…. ഇവയെല്ലാം പുറംലോകമറിയേണ്ട വിധം അനന്യവും മൂല്യവത്തുമാണ്. കണ്ണൂരിന്റെ സവിശേഷമായ കാര്യങ്ങളെല്ലാം രേഖപ്പെടുത്താനും പ്രചരിപ്പിക്കാനുമാണ് ഈ ഫേസ്ബുക്ക് പേജിലൂടെ ലക്ഷ്യമിടുന്നത്. ഇവിടത്തെ ജനങ്ങള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എല്ലാം #WeAreKannur എന്ന ഹാഷ് ടാഗോടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാ(അസാപ്)മിലുളള വിദ്യാര്‍ത്ഥികളാണ് കണ്ണൂര്‍ ഡയറീസ് പേജ് കൈകാര്യം ചെയ്യുന്നത്. അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസിന്റെ നേരിട്ടുളള ചുമതലയില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടം ഈ പദ്ധതിക്കുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെയും അസാപിന്റെയും സംയുക്ത പ്രോഗ്രാമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്. കണ്ണൂരിലെ ജനങ്ങള്‍ക്ക് അവരെക്കുറിച്ച് പുറംലോകത്തോട് പറയാന്‍ കഴിയുന്ന ജനകീയമായ വിശാല പ്ലാറ്റ്‌ഫോമായി കണ്ണൂര്‍ ഡയറീസ് മാറുമെന്നാണ് പ്രതീക്ഷ. കണ്ണൂരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുകയും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അസാപ് റീജ്യനല്‍ മാനേജര്‍ സ്മിത സുകുമാരന്‍, സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വിഷ്ണു രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button