തിരുവനന്തപുരം: തന്റെ കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണത്തിനായി മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ തനിക്ക് കത്ത് നല്‍കിയിരുന്നതായി വനംകുപ്പ് മന്ത്രി കെ.രാജു സ്ഥിരീകരിച്ചു.ജയരാജന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത് നല്‍കിയത്. എന്നാല്‍ ഒരു ആരാധനാലയത്തിനും സൗജന്യമായി തടി നല്‍കാനാവില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ജയരാജന്റെ, കണ്ണൂര്‍ മയ്യിലിലെ കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിന് ആവശ്യമായ 1200 ക്യുബിക് മീറ്റര്‍ തേക്ക് നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം.
എന്നാല്‍ തന്റെ കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും സൗജന്യമായി തേക്ക് തടി ആവശ്യപ്പെട്ടതായുള്ള ആരോപണം മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ നിഷേധിച്ചു. ആരോപണത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രം തന്റെ കുടുംബക്ഷേത്രമല്ല. അത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ്. ക്ഷേത്രഭാരവാഹികള്‍ ഏല്‍പ്പിച്ച കത്താണ് താന്‍ വനം മന്ത്രിക്ക് കൈമാറിയതെന്നും ജയരാജന്‍ പ്രതികരിച്ചു.
കുട്ടിക്കാലത്ത് നീന്തല്‍ പഠിക്കാനായി ക്ഷേത്രക്കുളത്തില്‍ പോയിട്ടുള്ളതല്ലാതെ തനിക്ക് ക്ഷേത്രവുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.ഇത്തരത്തില്‍ തന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്നെ വ്യക്തിഹത്യ നടത്തുന്നതിനുള്ള ഭാഗമാണിത്. ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments