ന്യൂഡല്‍ഹി: ബിജെപിയുടെ യുവ എം.പിയും മനേകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരനായ അഭിഷേക് വര്‍മ്മയ്ക്കും ആയുധക്കടത്തുകാര്‍ക്കും വേണ്ടി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി സ്വരാജ് അഭിയാന്‍ പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ രംഗത്ത്.
സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന “ഹണി ട്രാപ്പ്” മാര്‍ഗ്ഗം ഉപയോഗിച്ച് കുടുക്കിയാണ് വരുണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ഇവര്‍ ആരോപിച്ചു.
ന്യൂയോര്‍ക്കിലുള്ള അഭിഭാഷകനായ എഡ്മണ്ട്സ് അലെന്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു കത്ത് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എഴുതിയിരുന്നു എന്നും ആരോപണവുമായി രംഗത്തെത്തിയവര്‍ പറയുന്നു. ഇടനിലക്കാരനായ അഭിഷേക് വര്‍മ്മയുടെ പങ്കാളിയായിരുന്നു അലെന്‍.
പ്രശാന്ത് ഭൂഷണും, യോഗേന്ദ്രയാദവും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്ന പുതിയ ആരോപണം ഉന്നയിച്ചത്. പ്രതിരോധകാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്ന ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായ വരുണ്‍ പക്ഷേ ഈ ആരോപണം പൂര്‍ണ്ണമായും നിഷേധിച്ചു.
എഡ്മണ്ട്സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം എഴുതിയ കത്തും വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു ഭൂഷണും യാദവും തങ്ങളുടെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ ശ്രമിച്ചത്.
ആരോപണം നിഷേധിച്ച വരുണ്‍, 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതു മുതല്‍ തനിക്ക് വര്‍മ്മയുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങളുമില്ലെന്ന് പറഞ്ഞു. ഭൂഷണും യാദവിനുമെതിരെ മാനനഷ്ടക്കേസുകൊടുക്കുമെന്നും വരുണ്‍ പ്രതികരിച്ചു.
Post Your Comments