India

വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം

കോര്‍ബേട്ട് : വെടിവെച്ചു കൊന്ന നരഭോജി കടുവയുമായി ജനങ്ങളുടെ ആഹ്ലാദനൃത്തം. ഉത്തരാഖണ്ഡിലെ കോര്‍ബെട്ട് വനത്തിന് സമീപത്തെ ഗ്രാമവാസികളാണ് കടുവ ഭീതി അവസാനിച്ചതിന്റെ സന്തോഷത്തില്‍ ചത്ത കടുവയെ തോളിലേറ്റി ആഹ്ലാദ നൃത്തം ചവിട്ടിയത്. മൂന്നു വയസ്സുള്ള പെണ്‍കടുവയാണ് നാടിനെ ഭീതിയിലാക്കിയത്. 45 ദിവസത്തിനിടെ രണ്ട് പേര്‍ കടുവയ്ക്ക് ഇരയായപ്പോള്‍ അഞ്ച് പേരാണ് പരിക്കുകളോടെ രക്ഷപെട്ടത്.

ഒരു കോടിയോളം രൂപ ചിലവിട്ട് 45 ദിവസം നീണ്ട തിരച്ചിലിലാണ് കടുവയെ കൊന്നത്. മനുഷ്യര്‍ക്ക് ഭീഷണിയായ കടുവയെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളായിരുന്നു അധികൃതര്‍ ഒരുക്കിയത്. കടുവ വേട്ടയ്ക്ക് പാട്ടകള്‍ കൊട്ടി നാട്ടുകാര്‍ അണി ചേര്‍ന്നപ്പോള്‍ ഡ്രോണ്‍, ഹെലിക്കോപ് ടറുകള്‍, വേട്ടപ്പട്ടികള്‍, ആനകള്‍ ഇവയുടെ അകമ്പടിയോടെയായിരുന്നു അധികൃതരുടെ തിരച്ചില്‍.

സെപ്റ്റംബര്‍ ആറിന് ഗുജാനി ഗ്രാമവാസിയായ ഗോവിന്ദി ദേവിയാണ് ആദ്യം കടുവയുടെ ഇരയായത്. സെപ്റ്റംബര്‍ 12ന് കരിമ്പുപാടത്ത് പണിക്കിടെ പരംജീത്തിനെ കടുവ കൊന്നു. 26ന് സുനന്‍ ദേവിയേയും 30ന് ഭവാനി ദേവിയും കടുവയുടെ ആക്രമണത്തിനിരയായെങ്കിലും പരിക്കുകളോടെ രക്ഷപെട്ടു. അതോടെയാണ് കടുവയെ ജീവനോടെയോ അല്ലാതെയോ കീഴടക്കുക നാട്ടുകാര്‍ വ്രതമാക്കിയെടുത്തത്. കടുവയെ പേടിച്ച് ടൂറിസ്റ്റുകള്‍ യാത്ര ഒഴിവാക്കി. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. ഇരുട്ടത്ത് വീടിന് പുറത്ത് ഇറങ്ങാന്‍ പോലും ആളുകള്‍ ഭയന്നിരുന്നു. ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ കടുവയെ പിടികൂടാന്‍ കഴിയാഞ്ഞതോടെ പ്രാര്‍ഥനകളും പൂജകളും വരെ നടത്തുകയുണ്ടായി. കഴിഞ്ഞ രാത്രി രാംനഗര്‍ ഭാഗത്ത് കടുവയെ കണ്ടെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. ഗ്രാമവാസികളും ഫോറസ്റ്റുകാരും ചേര്‍ന്ന് 11 തവണയാണ് കടുവയുടെ ശരീരത്തില്‍ നിറയൊഴിച്ചത്.

shortlink

Post Your Comments


Back to top button