കൊച്ചി : പ്രതിമാസം ഏകദേശം രണ്ടുകോടി രൂപ വീതം ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് ബാധ്യതയാകുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചില ജീവനക്കാരെയും ആരോപണ വിധേയരാക്കുന്ന സാഹചര്യത്തിലാണ് സോളാര്‍ വിവാദം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുന്നത്. ജസ്റ്റിസ് ശിവരാജനായിരുന്നു കമ്മീഷന്‍. കമ്മീഷന് ഓഫീസും ജീവനക്കാരെയും വാഹനവും അനുവദിച്ചു. 6 മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലാവധി നിശ്ചയിച്ചത്. എന്നാല്‍ 6 മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥമായിരുന്ന കമ്മീഷന്റെ പ്രവര്‍ത്തനം 20 മാസം പിന്നിട്ടിട്ടും തെളിവുമില്ല റിപ്പോര്‍ട്ടുമില്ലെന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായി കിടക്കുകയാണ്.
സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാരിന് ധനനഷ്ടം സംഭവിച്ചിട്ടുണ്ടോ സര്‍ക്കാരില്‍ നിന്നും ആരെങ്കിലും തട്ടിപ്പില്‍ പങ്കാളികളായിരുന്നോ എന്നതൊക്കെയായിരുന്നു കമ്മീഷന്റെ അന്വേഷണ പരിധിയിലെ വിഷയങ്ങളെങ്കിലും ഒടുവില്‍ തെളിവെടുപ്പ് തുടങ്ങിയപ്പോള്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സരിതയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട തലങ്ങിലുള്ള മൊഴികളും ചര്‍ച്ചകളുമായി മാറുകയായിരുന്നു. സരിതയെ ആരൊക്കെ പീഡിപ്പിച്ചു, എങ്ങനെയൊക്കെ പീഡിപ്പിച്ചു എന്നതിലേക്കായി ചര്‍ച്ച വഴിമാറി. ഇതിനിടെ 14 മണിക്കൂര്‍ നേരം സംസ്ഥാന മുഖ്യമന്ത്രിയെ വിസ്തരിച്ചതിനും കമ്മീഷന്‍ സാക്ഷിയായി.
അന്നത്തെ പ്രതിപക്ഷമായിരുന്നു ഇപ്പോഴത്തെ ഭരണ കക്ഷിയും ഇക്കാര്യത്തില്‍ വെട്ടിലാണ്. അവര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു കമ്മീഷനെ നിയോഗിച്ചത്. പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതും അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ്. എന്നാല്‍ 20 മാസം പിന്നിട്ടിട്ടും തെളിവില്ലാതെ കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നാല്‍ അത് പുതിയ സര്‍ക്കാരിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. സോളാര്‍ കമ്മീഷന്‍ ഇപ്പോള്‍ സര്‍ക്കാരിന് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.
Post Your Comments