ചെന്നൈ: പാകിസ്ഥാനുമായി പങ്കിടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായി തടയാനായി സാങ്കേതികമാര്‍ഗ്ഗങ്ങള്‍ തേടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ മുന്നില്‍ അതിനുള്ള ഒരു ഹൈ-ടെക് മാര്‍ഗ്ഗവുമായി ചെന്നൈയില്‍ നിന്നുള്ള ഒരു കമ്പനി.
ചെന്നൈയിലെ ആവടിയിലുള്ള കോംബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റിലെ (സി.വി.ആര്‍.ഡി.ഇ) ശാസ്ത്രജ്ഞന്‍മാരാണ് 10-മുതല്‍ 16-വരെ കിലോമീറ്റര്‍ അകലെനിന്ന്‍ 99-തരം ചലിക്കുന്ന വസ്തുക്കളെ ഒരേസമയം കണ്ടെത്തി വിവരം നല്‍കാന്‍ ശേഷിയുള്ള ആളില്ലാ നിരീക്ഷണവാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡിആര്‍ഡിഒയുടെ തണലിലുള്ള ഒരു കമ്പനിയില്‍ നിന്നുള്ള, ഹാര്‍ഡ്വെയര്‍, സോഫ്റ്റ്‌വെയര്‍ ഡിസൈനുകളില്‍ മിലിട്ടറി മാനദണ്ഡങ്ങള്‍ പാലിക്കുന്ന, ആദ്യ ആളില്ലാ നിരീക്ഷണ വാഹനമാണ് മുന്ത്ര-എസ്. മുന്ത്ര-എസ് (ട്രാക്ക്ഡ് അണ്‍മാന്‍ഡ് ഗ്രൂപ്പ് വെഹിക്കിള്‍ ഫോര്‍ സര്‍വീലന്‍സ്) എന്ന കോഡ്നെയിമാണ് ഈ വാഹനത്തിനു നല്‍കിയിരിക്കുന്നതെന്നു പ്രതിരോധരംഗത്തെ വിദഗ്ദര്‍ അറിയിച്ചു. ഇലക്ട്രോ ഒപ്റ്റിക്സ്, സെന്‍സര്‍ ഫ്യൂഷന്‍, ഇലക്ട്രോ-മെക്കാനിക്കല്‍ ആക്ച്വേറ്റേഴ്സ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍ എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളുടേയും, ഉപകരണങ്ങളുടേയും അതിവിദഗ്ദമായ വിളക്കിച്ചേര്‍ക്കലിലൂടെയാണ് മുന്ത്ര-എസ് ഇഴഞ്ഞു നീങ്ങുന്ന മനുഷ്യന്‍ മുതല്‍ കൂറ്റന്‍ സൈനികവാഹനങ്ങള്‍ വരെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്നത്.
സോവിയറ്റ് യൂണിയന്‍റെ ജലത്തിലും കരയിലും ഉപയോഗിക്കാന്‍ കഴിയുന്ന ബിഎംപി-2 ആംഫിബിയസ് ട്രാക്ക്ഡ് ആര്‍മേഡ് വെഹിക്കിളിന്‍റെ ചട്ടക്കൂടലാണ് മുന്ത്ര-എസ് വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ, എല്ലാവിധ യുദ്ധസാഹചര്യങ്ങളിലും രാത്രി-പകല്‍ വ്യത്യാസമില്ലാതെ ആളില്ലാ നിരീക്ഷണഓട്ടം നടത്താന്‍ ഈ വാഹനത്തിന് കഴിയും.
മുന്ത്ര-എസ് ഇപ്പോള്‍ത്തന്നെ തയാറാണെന്നും, അതിന്‍റെ സാങ്കേതിക പ്രദര്‍ശനം ചെന്നൈ തീരത്തിനടുത്ത് ഒരു പ്രതിരോധക്കപ്പലില്‍ വച്ച് വിജയകരമായി കഴിഞ്ഞവര്‍ഷം നടത്തി എന്നും വിശ്വസനീയകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്‍റേയും (സി.ഐ.എസ്.എഫ്) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്‍റേയും ദക്ഷിണമേഖലയുടെ ചുമതലയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ പ്രദര്‍ശനം നേരിട്ടുകണ്ട് വിലയിരുത്തുകയും ചെയ്തിരുന്നു.
രാജസ്ഥാനിലെ സൂറത്ത്ഗഡിലുള്ള മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ ഈ വാഹനത്തിന്‍റെ അവസാനവട്ട പരീക്ഷണങ്ങളും നടന്നു കഴിഞ്ഞതായി പ്രതിരോധവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20-കിലോമീറ്റര്‍ അകലെ നിന്നുവരെ മുന്ത്ര-എസ് ടെലിഓപ്പറേറ്റ് ചെയ്യാം.
Post Your Comments