ഹൈദരാബാദ്: ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് ചിത്രീകരിച്ച ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുലയുടെ വീഡിയോ പുറത്ത്. ‘എന്റെ പേര് രോഹിത് വേമുല, ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നും വരുന്ന ഞാനൊരു ദലിതനാണ്’ എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
പിതാവ് കര്‍ഷകനാണെന്നും അമ്മയാണ് തങ്ങളെ വളര്‍ത്തിയതെന്നും രോഹിത് പറയുന്നു. ബയോടെക്‌നോളജി പഠിക്കാനാണ് ഞാന്‍ ഈ സര്‍വകലാശാലയില്‍ വന്നത്. എന്നാല്‍, സമൂഹത്തോടുള്ള പ്രതിബദ്ധതയെ തുടര്‍ന്ന് ഞാന്‍ സോഷ്യല്‍ സയന്‍സിലാണ് തുടര്‍ പഠനം പൂര്‍ത്തിയാക്കിയതെന്നും രോഹിത് പറയുന്നു.
വീഡിയോയില്‍ എ.ബി.വി.പിയുടെ നയങ്ങളെ രോഹിത് വിമര്‍ശിക്കുന്നുണ്ട്.
എബിവിപിക്കാരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു രോഹിതടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയത്. ‘യൂണിവേഴ്‌സിറ്റി ഞങ്ങളെ പുറത്താക്കി, ക്യാംപസിലെവിടെയെങ്കിലും ഞങ്ങള്‍ പ്രവേശിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നാണ് അവര്‍ പറയുന്നത്’ രോഹിത് പറഞ്ഞു.
രോഹിത് വേമുല ദലിത് സമുദായാംഗമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്തത് പീഡനം മൂലമല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച ജസ്റ്റിസ് രൂപന്‍വാല്‍ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് രോഹിതിന്റെ വീഡിയോ പുറത്തായത്.
Post Your Comments