പാറശാല: പതിനഞ്ചുകൊല്ലമായി ആക്രിക്കച്ചവടം നടത്തുന്ന പാറശാല ആറയൂർ കുംഭംവിള അനീഷ് ഭവനിൽ ഹരിദാസന് കാരുണ്യ പ്ളസ് ലോട്ടറി കോടീശ്വരനാക്കി ഒന്നാംസമ്മാനമായ ഒരുകോടിയും സമാശ്വാസമായ പതിനായിരം രൂപയും ഉൾപ്പെടെയാണ് ബമ്പർ കൊടുത്തത്.
ഉദിയൻകുളങ്ങര മാർക്കറ്റിലെ ജി.ബി ലക്കി സെന്ററിലെ ജോർജിൽ നിന്നാണ് ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റെടുത്തത്. പി.കെ 453439 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതേ നമ്പരിലുള്ള പി.ജി എന്ന സീരിയലിനാണ് സമാശ്വാസ സമ്മാനം. കഴിഞ്ഞ ഏഴാം തീയതിയിലെ പത്രത്തിലൂടെ വിവരമറിഞ്ഞെങ്കിലും പുറത്തു പറഞ്ഞില്ല. പൂജ അവധിക്കുശേഷം എസ്.ബി.ടിയുടെ ഉദിയൻകുളങ്ങര ശാഖയിൽ ടിക്കറ്റേല്പിച്ചപ്പോഴാണ് നാട്ടുകാര് അറിയുന്നത്.
ടിക്കറ്റുവിറ്റ ജോർജിനും മൊത്തവിതരണക്കാരായ നെയ്യാറ്റിൻകര കൈരളി ഏജൻസീസിനും സമ്മാനവിഹിതം ലഭിക്കും. കൂലിപ്പണിക്കാരനായ ഹരിദാസന് വീഴ്ചയിൽ പരിക്കുപറ്റിയതോടെയാണ് ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഭാര്യ ഉഷാകുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്.
തൃശൂരുകാരനായ ഹരിദാസൻ 25 വർഷം മുൻപ് മദ്രാസിലെ തട്ടുകടയിൽ ജോലിയെടുക്കവേ, എക്സ്പോർട്ട് കമ്പനി തൊഴിലാളിയായ ഉഷാകുമാരിയുമായി പ്രേമത്തിലായി. വിവാഹത്തെ തുടർന്നാണ് ആറയൂരിലെത്തിയത്. കടങ്ങൾ തീർത്തശേഷം ബാക്കിതുക മക്കൾക്കായി മാറ്റിവയ്ക്കാനാണ് ഹരിദാസന്റെ തീരുമാനം.
Post Your Comments