തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധം പുലര്‍ത്തുന്ന യു.എ.ഇയിലെ പത്തോളം മലയാളി കുടുംബങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) അന്വേഷണം തുടങ്ങി. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ മുഖേന ഐ.എസിന് ഫണ്ട് ലഭിക്കുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.
ഓരോ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നതായും 21 മലയാളികള്‍ സിറിയയിലെത്തി ഐസിസില്‍ ചേര്‍ന്നതായും അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
സിറിയയിലേക്കു പോയ മലയാളികള്‍ക്കു യു.എ.ഇയില്‍ നിന്നാണ് ഫണ്ട് ലഭിച്ചത്. തുടര്‍ന്നാണ് യു.എ.ഇയില്‍ താമസിക്കുന്ന ആറു മലയാളി കുടുംബങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ഇവരുടെ നാട്ടിലെ വിവരങ്ങളും എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. യുഎയില്‍ സ്ഥിര താമസായ ഇവരെ അറസ്റ്റ് ചെയ്യുന്നതിനും ആലോചനയിലുണ്ട്.
ഐ.എസ് കേരളഘടകത്തില്‍ ഉള്‍പ്പെട്ടവര്‍ പിടിയിലായതിനെത്തുടര്‍ന്നു എന്‍.ഐ.എ. നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിച്ചത്. ഐ.എസ് കേരളഘടകത്തിനായി ഇതിനകംതന്നെ ലക്ഷക്കണക്കിനു രൂപ ലഭിച്ചെന്നും അന്വേഷണ ഏജന്‍സി കരുതുന്നു. പ്രവാസികളുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തി ബാങ്കുകള്‍ വഴിയും മറ്റു സ്വകാര്യ ഏജന്‍സികള്‍ വഴിയും പണം കേരളത്തിലെത്തിയതായാണ് സൂചന. ഗള്‍ഫില്‍ നിതാഖത്ത് കാലത്തു കേരളത്തില്‍ മടങ്ങിയെത്തിയ ചിലര്‍ ഐ.എസിന് ഫണ്ട് എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചെറിയൊരു കാലയളവില്‍ കേരളത്തിലെത്തി തിരികെപ്പോകുന്നവരും സംസ്ഥാനത്തിനു പുറത്തേക്കുപോയി കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പന്നരായി തിരിച്ചെത്തിയവരും എന്‍.ഐ.എ. നിരീക്ഷണത്തിലാണ്. വിസിറ്റിങ് വിസയില്‍ പോകുന്നവരേയും വിസ തരമാക്കാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കാന്‍ നീക്കമുണ്ട്. രണ്ടു വര്‍ഷത്തിനിടെ വിദേശത്തു പോയി ഉടനടി മടങ്ങിയെത്തിയവരെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചുതുടങ്ങി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നാട്ടില്‍ തിരക്കിട്ടു വന്നുപോകുന്ന പ്രവാസികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ ചിലര്‍ ഐ.എസുമായി നേരിട്ടു ബന്ധമുള്ളവരാണെന്നാണു കണ്ടെത്തല്‍.
കനകമലയിലെ അറസ്റ്റോടെയാണ് കേരളത്തിലെ ഐസിസ് ബന്ധത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫണ്ടിലേക്കുള്ള സൂചനയും ലഭിച്ചത്.
Post Your Comments