ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിനു തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേരുന്നു. പക്ഷെ ഇതുസംബന്ധിച്ചു അറിയില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഉത്തര്‍പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പോടെ ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് റീത്ത ബഹുഗുണ ജോഷിയുടെ ഈ തീരുമാനം.
2007 മുതല്‍ 2012 വരെ യുപിസിസി അധ്യക്ഷയും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് മുന്‍അധ്യക്ഷയുമായിരുന്ന റീത്ത മുന്നാക്ക വിഭാഗത്തിനിന്നുള്ള ശക്തയായ നേതാവാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവുകൂടിയാണ്. റീത്ത പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസിന് മുന്നാക്ക വോട്ടുബാങ്കില്‍ വലിയ കനത്ത തിരിച്ചടി ഉണ്ടാവാനാണ് സാധ്യത.
മാത്രമല്ല മുന്നാക്ക വിഭാഗത്തില്‍ വലിയ നേതാക്കളില്ലാത്ത ബി.ജെ.പിക്ക് ഇത് നല്ല രീതിയില്‍ ഗുണം ചെയ്യും. പതിവിന് വിപരീതമായി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കോണ്‍ഗ്രസ് ചരിത്രത്തിലെ വലിയ തോല്‍വി ഏറ്റുവാങ്ങും എന്നാണ് പുറത്ത് വന്ന സര്‍വ്വേഫലങ്ങള്‍ പറയുന്നത്. യുപി തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയിലേക്ക് കോണ്‍ഗ്രസ് പോകും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ സുരക്ഷിത താവളം തേടിയാണ് റീത്ത ബിജെപിയിലേക്ക് പോകുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി ഹേംവതി നന്ദൻ ബഹുഗുണയുടെ മകളാണ് റീത്ത.
Post Your Comments