റോത്തക്കിലെ തന്‍റെ വസതിയില്‍ ജീവിതഗോദയിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് ഇന്ന്‍ നടത്തിയത്. ഗുസ്തിക്കാരന്‍ തന്നെയായ തന്‍റെ കാമുകന്‍ സത്യവര്‍ത്ത് കാദിയാനുമായുള്ള സാക്ഷിയുടെ വിവാഹനിശ്ചയം ആയിരുന്നു ആ സുപ്രധാന ചുവടുവയ്പ്പ്. 24-കാരിയായ സാക്ഷി തന്‍റെ പ്രണയത്തെക്കുറിച്ച് മുന്‍പ് തുറന്നു പറഞ്ഞിട്ടുള്ളതാണെങ്കിലും വിവാഹനിശ്ചയ വാര്‍ത്ത എല്ലാവര്‍ക്കും അപ്രതീക്ഷിതമായിരുന്നു.
“ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹനിശ്ചയം നടത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ,” സത്യവര്‍ത്തിന്‍റെ പിതാവ് സത്യവാന്‍ ഫയല്‍വാന്‍ പറഞ്ഞു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് സത്യവാന്‍ ഫയല്‍വാന്‍.
22-കാരനായ സത്യവര്‍ത്ത് സാക്ഷിയേക്കാള്‍ രണ്ട് വയസിന് ഇളപ്പമാണ്. റോത്തക്കിലെ തന്‍റെ പിതാവിന്‍റെ അഖാഡയില്‍ത്തന്നെയാണ് സത്യവര്‍ത്ത് പരിശീലനം നടത്തുന്നത്. 2010 യൂത്ത് ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവാണ് സത്യവര്‍ത്ത്.
ഒളിമ്പിക് മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയ സാക്ഷി തന്‍റെ നേട്ടത്തിന് പ്രചോദനമായവരില്‍ പ്രമുഖനായി സത്യവര്‍ത്തിനെ ഉയര്‍ത്തിക്കാട്ടിയിരുന്നു.
“സത്യവര്‍ത്ത് എനിക്ക് വളരെയധികം പിന്തുണയാണ് നല്‍കുന്നത്. എന്‍റെ സ്വപ്നങ്ങള്‍ അവന്‍റെയും സ്വപ്നങ്ങള്‍ ആയാണ് അവന്‍ കാണുന്നത്,” സാക്ഷി പറഞ്ഞു.
വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തിയതി തീരുമാനമായിട്ടില്ല.
Post Your Comments