ഗോവയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ 60,000-കോടി രൂപയോളം വരുന്ന പ്രതിരോധ ഉടമ്പടികള്‍ ഒപ്പിട്ടതിനു പുറമേ ഇന്ത്യയുമായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കരാറും ഉടനടി ഒപ്പുവയ്ക്കാം എന്ന്‍ പ്രതീക്ഷിക്കുന്നതായി റഷ്യ.
“ഉടമ്പടിയുടെ വ്യവസ്ഥകളെപ്പറ്റിയുള്ള ഞങ്ങളുടെ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒപ്പുവയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഇനിയുള്ള ജോലികള്‍ ഇന്ത്യയുടെ ഭാഗത്താണ്. ഇനിയും കുറച്ച് ഔപചാരിക നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. പക്ഷേ, ഈ വര്‍ഷാവസാനത്തോടെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” റോസ്റ്റെക് സ്റ്റേറ്റ് കോര്‍പ്പറേഷന്‍റെ സി.ഇ.ഒ. സെര്‍ജി ചെമെസോവ് പറഞ്ഞു. 700-ഓളം ഹി-ടെക് റഷ്യന്‍ സിവിലയന്‍, മിലിട്ടറി കമ്പനികളുടെ മാതൃകമ്പനിയാണ് റോസ്റ്റെക്.
ഒരു വര്‍ഷത്തോളം മുടന്തി നീങ്ങിയ ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇടപെട്ടാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ (ഫിഫ്ത്ത് ജെനറേഷന്‍ ഫൈറ്റര്‍ എയര്‍ ക്രാഫ്റ്റ്സ്, എഫ്ജിഎഫ്എ) കരാര്‍ വീണ്ടും വേഗത്തിലാക്കിയത്. അതേത്തുടര്‍ന്ന്‍ പ്രയത്നം പങ്കുവയ്ക്കല്‍, ഐപിആര്‍, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളുമായി പലതലത്തിലുള്ള ധാരണകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നു.
നിലവിലുള്ള തീരുമാനം അനുസരിച്ച് 3.7-ബില്ല്യണ്‍ ഡോളറാണ് എഫ്ജിഎഫ്എ കരാറിനായി ഇന്ത്യ മുടക്കേണ്ടി വരിക. നേരത്തേ ഇത് 6-ബില്ല്യണ്‍ ആയിരുന്നു.
Post Your Comments