വലിയവരേയും കുട്ടികളേയും ഒരു പോലെ ഭയപ്പെടുത്തുന്നതാണ് 13. പതിമൂന്നും വെള്ളിയും കൂടിയാല്‍ പിന്നെ പറയാനുമില്ല. 13 നെക്കുറിച്ചുള്ള ചിന്തകള്‍ അത്യാധുനികരിലും പേടി നിറയ്ക്കുമ്പോള്‍ പതിമൂന്നിനെപ്പറ്റി ചില ചിന്തകള്‍.
1947 ആഗസ്റ്റ് 15 വെള്ളിയാഴ്ച ആയതു കൊണ്ടാണ് പതിനാലിന് അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടത് എന്നൊരു കഥയുണ്ട്. അതു ശരിയാണോ എന്നറിയില്ല അതെന്തായാലും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ 13 നേയും വെള്ളിയാഴ്ചയെയും ഭയപ്പെട്ടിരുന്നു. അതിന്നും തുടരുന്നു.
പതിമൂന്നും വെള്ളിയും അശുഭങ്ങളാണോ?
യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതും ഒരു 13 നു വെള്ളിയാഴ്ചയാണ്. ക്രിസ്തുവിന്റെ അന്ത്യഅത്താഴ സമയത്ത് പതിമൂന്നാമത്തെ ആളായാണ് യൂദാസ് ബസ്‌കാരിയോത്ത് വന്നതെന്ന് പറയപ്പെടുന്നു. അന്നു മുതലാണോ ലോകം 13 നെ ഭയപ്പെട്ടു തുടങ്ങിയത് എന്നറിയില്ല. പക്ഷേ ക്രിസ്തുവിനു മുമ്പും പതിമൂന്നിനെപ്പറ്റി ചില കഥകള്‍ പ്രചരിച്ചിട്ടുണ്ട്.
13 നു ജനിക്കുന്നവര്‍ അകാലത്തില്‍ മറ്റൊരു 13 നു തന്നെ മരണപ്പെടുമെന്നു പാശ്ചാത്യര്‍ ഇപ്പോഴും വിശ്വസിക്കുന്നു, മിക്കവാറും ഇത് അപകടമരണമോ ആത്മഹത്യയോ ആകുമെന്നു വിശ്വസിക്കുന്നവരും കുറവല്ല. കേവലം ഒരു സംഖ്യയെ ഇങ്ങനെ ഭയക്കേണ്ടതുണ്ടോ?
ജനിക്കാനും മരിക്കാനും പാടില്ലാത്ത ദിനമാണോ പതിമൂന്ന്?
സംഖ്യാശാസ്ത്രം പറയുന്നത് 13 കുഴപ്പക്കാരന്‍ തന്നെയാണെന്നാണ്. പതിമൂന്നിലെ ഒന്നും മൂന്നും കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന നാലും അപകടകാരിയാണത്രേ. 13 അക്ഷരങ്ങളുള്ള പേരു പോലും പാശ്ചാത്യര്‍ ഭയപ്പെടുന്നു, എന്നാല്‍ പാശ്ചാത്യരെപ്പോലെ അത്ര വലിയ ഭയമൊന്നും നമ്മള്‍ ഭാരതീയര്‍ക്കു പതിമൂന്നിനോടില്ല എന്നുതോന്നുന്നു ഒരു ഫോബിയയ്ക്കപ്പുറം പ്രാധാന്യമൊന്നും പതിമൂന്നിനു നല്‍കേണ്ടതില്ല എന്നു തന്നെയാണ് ശാസ്ത്രമതം. എങ്കിലും ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അല്‍പം ചില യാഥാര്‍ഥ്യം ഇതിലില്ലേ എന്നു നിങ്ങള്‍ക്കും തോന്നിയേക്കാം.
13 നു ജനിച്ച പെണ്‍കുട്ടികള്‍ക്കു മൂന്നു വിവാഹമുണ്ടാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. പതി എന്നാല്‍ ഭര്‍ത്താവെന്നാണല്ലോ അര്‍ഥം. അതുകൊണ്ടായിരിക്കാം ചിലര്‍ അങ്ങനെ വിശ്വസിക്കുന്നത്. മാത്രമല്ല 13 ന് വിവാഹമോ മറ്റു മംഗളകര്‍മങ്ങളോ നടത്താനും ആരും മുതിരാറില്ല. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ 13 നെ കുറിച്ചുണ്ടായ വിവാദങ്ങള്‍ മറക്കാറായിട്ടില്ല. ചന്ദ്രയാത്രാ ദൗത്യങ്ങളില്‍ നാസ പരാജയപ്പെട്ടത് അപ്പോളോ പതിമൂന്നില്‍ മാത്രമാണെന്നതും ആധുനികകാലത്തെ 13 ന്റെ നിര്‍ഭാഗ്യങ്ങളില്‍ ഒന്നായി കരുതിപ്പോരുന്നു.
പല ഹോട്ടലുകളിലും പതിമൂന്നാം നമ്പര്‍ മുറി കാണില്ല. 13 ഒഴിവാക്കാനായി മുറികളുടെ നമ്പര്‍ 101 മുതലാകുന്നതും പതിവാണ്; വിദേശങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ പോലും. ഫ്‌ളാറ്റുകള്‍ പണിയുമ്പോള്‍ പലരും 13 നിലയില്‍ അവസാനിപ്പിക്കില്ല. ഒന്നുകില്‍ പന്ത്രണ്ടോ അതില്‍താഴെയോ നിലകള്‍, അല്ലെങ്കില്‍ പതിനാലോ അതിലേറെയോ.
ജ്യോതിഷത്തില്‍ രാശികള്‍ 12 ആണ്, വര്‍ഷത്തില്‍ മാസങ്ങള്‍ 12 ആണ്, മണിക്കൂര്‍ 12 ആണ്, എന്തേ ഇതെല്ലാം 12 ല്‍ അവസാനിപ്പിച്ചത്? 13 ന് എന്തോ പന്തികേടുണ്ടോ ? ഏതെങ്കിലും കാര്യങ്ങള്‍ 13 ല്‍ അവസാനിക്കുന്നുണ്ടോ? അറിയില്ല. ഒന്നറിയാം, ഈ ലോകത്തില്‍ ചിലരുടെയെങ്കിലും ഭയം ചെന്നുനില്‍ക്കുന്നത് 13 ലും വെള്ളിയാഴ്ചയിലുമാണ്.
അടുത്തിടെ ഫ്രാന്‍സിനെ ഭീതിയിലാക്കിയ കൂട്ടക്കൊല നടന്നതും ഒരു 13 ാം തീയതി വെള്ളിയാഴ്ചയായിരുന്നു. ഇതും 13 ന്റെ പേടിക്ക് ആക്കം കൂട്ടുന്നതാണ്.
Post Your Comments