പനാജി: ഇന്ത്യ- റഷ്യ നയതന്ത്ര സൗഹൃദം ലക്ഷ്യമിട്ട് ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് 16 കരാറുകളില്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനായുള്ള 16 കരാറുകളില്‍ ധാരണയായത്. കഴിഞ്ഞ രണ്ട് ബ്രിക്സ് സമ്മേളനത്തില്‍ നിന്നും വിഭിന്നമായി ഇത്തവണത്തേത് നിരവധി ലക്ഷ്യങ്ങളിലൂന്നിയ കൂടിക്കാഴ്ചകളാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
39,000 കോടി രൂപ ചെലവില്‍ റഷ്യയില്‍ നിന്നും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇതോടെ വ്യോമ മേഖലയില്‍ റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ ശ്രേണിയിലുള്ള സംവിധാനമാണ് ഇന്ത്യയ്ക്കു സ്വന്തമാകുന്നത്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ഡ്രോണ്ഡ ആക്രമണങ്ങളെയടക്കം പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് എസ് 400 ട്രയംഫ്. കൂടാതെ 200 കമോവ് ഹെലികോപ്റ്റര്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള കരാറിലും ഇന്ത്യയും റഷ്യയും ധാരണയായി.
പ്രതിരോധം, സാമ്പത്തികം, ശാസ്ത്ര സാങ്കേതിക രംഗം, വ്യാവസായികോത്പാദനം, ബഹിരാകാശ ഗവേഷണം തുടങ്ങിയവ സംബന്ധിച്ച 16 കരാറുകളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും ഒപ്പു വച്ചത്.
Post Your Comments