ബോബിയ്ക്ക് നായയുടെ കടിയേറ്റു
കല്‍പ്പറ്റ● കോഴിക്കോട് നഗരത്തില്‍ നിന്ന് പിടികൂടിയ തെരുവ് നായ്ക്കളെ ജനവാസ കേന്ദ്രത്തിനുസമീപം വളര്‍ത്താന്‍ ശ്രമിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പിടികൂടിയ നായ്ക്കളെ വയനാട്ടിലെ കല്പറ്റ വെയര്‍ഹൗസിന് സമീപം ബോബിയുടെ വൃദ്ധസദനത്തോട് ചേര്‍ന്ന പത്തേക്കര്‍ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ വളര്‍ത്താനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
ബുധനാഴ്ചയാണ് ബോബി ചെമ്മണൂരും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കോഴിക്കോട് നഗരത്തില്‍ നിന്ന് നായ്ക്കളെ പിടികൂടിയത്. നായ്ക്കളെ നീക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ പ്രദേശവാസികളും ജനപ്രതിനിധികളം കല്പറ്റ ചുങ്കം ജംഗ്ഷനിലെ ചെമ്മണ്ണൂര്‍ ജുവലറി ഉപരോധിച്ചിരുന്നു. തുടര്‍ന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എ.ഡി.എം നാട്ടുകാരുമായി ചര്‍ച്ച നടത്തി. നായ്ക്കളെ നീക്കാന്‍ നോട്ടീസ് നല്‍കുമെന്നും അധികൃതരുടെ അനുമതിയോടെ എല്ലാസൗകര്യങ്ങളുമൊരുക്കി മാത്രമേ നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കൂവെന്നും എ.ഡി.എം ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതിനിടെ, നായപിടുത്തത്തിനിടെ കടിയേറ്റ ബോബി ചെമ്മണ്ണൂര്‍ ചികിത്സ തേടി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്.
കഴിഞ്ഞദിവസം 32 നായകളെ കൂടി പിടികൂടിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവയെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. നായ്ക്കളെ കൊണ്ടുപോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് ബോബി ചെമ്മണൂര്‍ എ.ഡി.ജി.പി. സുദേഷ് കുമാറുമായും ജില്ലാ പോലീസ് മേധാവി ഉമ ബെഹ്‌റയുമായും കൂടിക്കാഴ്ച നടത്തി. അന്യജില്ലയായതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. വയനാട് കളക്ടറുമായി ബന്ധപ്പെട്ടെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് നായ്ക്കളെ കൊണ്ടുപോയില്ല. നായ്ക്കളടങ്ങിയ വാഹനം ഇപ്പോള്‍ കോഴിക്കോട് കളക്ടറേറ്റിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
Post Your Comments