Kerala

വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണം : എം ടി രമേശ്

തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജി വെച്ചതു കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങള്‍ നടന്നതെന്ന് വിശ്വസിക്കാനാവില്ല. നിയമന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. അതിനാല്‍ തന്നെ വിജലിന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

ജയരാജന്റെ രാജി മഹാകാര്യമായി ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജന്‍ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോള്‍ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫുമായി എല്‍ഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.

ഇ പി ജയരാജനെതിരായ വാര്‍ത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവര്‍ത്തികളാണ്. കോടതിയില്‍ നിന്ന് മാധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്റെ കേസ് പരിഗണനക്ക് വന്നപ്പോള്‍ മാത്രം മാധ്യമങ്ങളെ കോടതിയില്‍ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button