KeralaNews

ബന്ധുനിയമന വിവാദം : മുഖ്യമന്ത്രി കയ്യൊഴിഞ്ഞു : ജയരാജന്‍ പുറത്തേയ്ക്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടര്‍ എത്തിയതെന്നാണ് സൂചന.

ബാഗളൂരുവിലായിരുന്ന ജേക്കബ് തോമസ് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് എത്തിയത്. അതീവ രഹസ്യമായി മുഖ്യമന്ത്രിയെ കാണാനാണ് ആദ്യം അദ്ദേഹമെത്തിയത്. വിവരം പുറത്തുവരാതിരിക്കാന്‍ ഔദ്യോഗിക വാഹനവും ഒഴിവാക്കി. വിശദമായി തന്നെ ജയരാജന്‍ വിഷയത്തില്‍ കിട്ടിയ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ജേക്കബ് തോമസ് വിശദീകരിച്ചു. ജയരാജനെതിരെ ത്വരിതപരിശോധന നടത്തേണ്ട ഗൗരവം പരാതികളിലുണ്ടെന്നാണ് വിജിലന്‍സ് അധികൃതരുടെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ ത്വരിത പരിശോധനയ്ക്ക് ജേക്കബ് തോമസ് ഉത്തരവിടും. ഈ സാഹചര്യത്തില്‍ ജയരാജന് രാജി മാത്രമാണ് അനിവാര്യം. ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടാല്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ജയരാജന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും.

ത്വരപരിശോധന പ്രഖ്യാപിച്ചാല്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികതയും ചോദ്യംചെയ്യപ്പെടും. വിജിലന്‍സ് അന്വേഷണം നേരിട്ടഘട്ടത്തില്‍ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്റെ രാജി അനിവാര്യമാവുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് ബന്ധുത്വ നിയമന വിവാദത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയത്. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു തന്നെയായിരുന്നു വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ നിലപാടും.

പൊതു പ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ജേക്കബ് തോമസ് ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയായതു കൊണ്ടാണ് കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന വിശദീകരണമാണ് ജേക്കബ് തോമസ് നല്‍കുന്നത്.
ബന്ധുത്വ വിവാദത്തില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതി എംപിക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നും വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ശ്രീമതി പാര്‍ലമെന്റ് അംഗമായതിനാല്‍ അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പ് പൊതുജനസേവകര്‍ക്കു നല്‍കുന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നു. പൊതുജനസേവകയുടെ മകനു നല്‍കിയ നിയമനമാണ് ആരോപണവിധേയമായിരിക്കുന്നത്. അതിനാലാണു ശ്രീമതിക്കെതിരെയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

അതിനിടെ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button