പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം.
കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യ തിരിച്ചുവന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി ഭർത്താവ്. ഗ്രാമവാസികൾക്ക് അത് പൊറുക്കാനാവുമായിരുന്നില്ല. ഭർത്താവിനെക്കൊണ്ട് ഗ്രാമവാസികൾ ഭാര്യയുടെ തല മൊട്ടയടിപ്പിച്ചു. അവരുടെ ദൗത്യം നിറവേറ്റി. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ നാട്ടിൽനിന്നോടിക്കുമെന്നു ഭീഷണിപെടുത്തുകയും ചെയ്തു.
14 വർഷം മുമ്പാണ് മിസാറുളും മറിയം ബീബിയും വിവാഹിതരായത്. മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്ന മറിയം, ഒകടോബർ രണ്ടിന് അയാളോടൊപ്പം ദുർഗാപ്പുരിലേക്ക് പോയി. തന്റെ മകളെ ഒപ്പം കൊണ്ടുപോയിരുന്നു. വിവാഹം കഴിക്കാനാവില്ലെന്ന് കാമുകൻ വ്യക്തമാക്കിയതോടെ ഒക്ടോബർ ഒമ്പതിന് മറിയം വീട്ടിൽ തിരിച്ചെത്തി. തിരിച്ചെത്തിയ ഭാര്യ മാപ്പുചോദിച്ചപ്പോൾ, അതംഗീകരിച്ച് മിസാറുൾ അവരെ സ്വീകരിക്കുകയായിരുന്നു.
സലിഷ സഭ എന്നറിയപ്പെടുന്ന ഗ്രാമസഭയാണ് സ്ത്രീയുടെ തല മൊട്ടയടിക്കാൻ വിധിച്ചത്. 6000 രൂപ പിഴയാണ് സഭ ആദ്യം ആവശ്യപ്പെട്ടത്. അതുകൊടുക്കാനില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു മൊട്ടയടിക്കൽ ശിക്ഷ. മുർഷിദാബാദിലെ നവോദയിലുള്ള ചന്ദ്പുരിൽ ചൊവ്വാഴ്ച രാത്രിയാണ് ശിക്ഷ അരങ്ങേറിയത്. 30-കാരിയായ മറിയം ബീബിയെ വീട്ടിൽനിന്ന് വലിച്ചിറക്കിക്കൊണ്ടുവന്ന നാട്ടുകാർ, ഭർത്താവ് മിസാറുൾ ഷെയ്ഖിനെക്കൊണ്ട് അവരുടെ തല ഷേവ് ചെയ്യിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥയും ഉണ്ടായി.
വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി നാലുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ മൂന്നുപേരുടെ പേരുകൾ കുടുംബം കൊടുത്ത പരാതിയിലുണ്ട്. മറ്റൊരാളെ ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്ന് മുർഷിദാബാദ് എസ്‌പി. മുകേഷ് കുമാർ പറഞ്ഞു.
Post Your Comments