കണ്ണൂരിലെ സ്ത്രീകള്‍ അനുഭവിക്കുന്ന നരക ജീവിതത്തെ കുറിച്ച് അഞ്ജുപ്രഭീഷ് ഹൃദയസ്പര്‍ശിയായി എഴുതുന്നു
പേറ്റുനോവറിഞ്ഞൊരു അമ്മയല്ല ഞാന്‍..പക്ഷേ എന്നിലെ പെണ്മയ്ക്ക് മാതൃത്വം എന്നതിന്റെ പൊരുള്‍ നന്നായി അറിയാന്‍ കഴിയുന്നുണ്ട്..ഒരേ ഗര്‍ഭപാത്രത്തിന്റെ ഇരുട്ടറ പങ്കിട്ട സഹോദരന്മാരും എനിക്കില്ല..പക്ഷേ രക്തബന്ധത്തിനൊപ്പമോ അതിനേക്കാളോ ആഴത്തില്‍ വേരുറച്ച ചില സഹോദരസ്ഥാനീയര്‍ എനിക്കുള്ളത്കൊണ്ട് ഒരു സഹോദരിയുടെ ആകുലതകളും നോവുകളും എനിക്കറിയാന്‍ കഴിയുന്നുമുണ്ട്..അതുപോലെതന്നെ താലികെട്ടിയ പുരുഷനൊപ്പമുള്ള ജീവിതത്തിനുവേണ്ടി ഏതു സൗഭാഗ്യവും ഉപേക്ഷിക്കാന്‍ തയ്യാറുള്ള, അവനൊപ്പമുണ്ടെങ്കില്‍പ്രയാസങ്ങളുടെയും പ്രാരാബ്ദത്തിന്റെയും വൈതരണികളെ അനായാസം നേരിടാന്‍ കെല്‍പ്പുള്ള ഭാര്യമാരുടെ പ്രതിനിധിയായതുകൊണ്ട് തന്നെ താലിച്ചരടിന്റെ വിങ്ങല്‍ എനിക്ക് നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നുമുണ്ട്..പെണ്മയുടെ കണ്ണുനീരിന്റെ പേരാണോ കണ്ണൂര്‍..അതേ എനിക്ക് അങ്ങനെ കാണാനേ കഴിയുന്നുള്ളൂ ചേകവന്മാരുടെ ഈ നാടിനെ…കുരുക്ഷേത്രം ആവര്‍ത്തിക്കപ്പെടുകയാണിവിടെ…മക്കളുടെ വിയോഗത്തില്‍ അകമെരിഞ്ഞു വിലപിക്കുന്ന,ശപിക്കുന്ന ഗാന്ധാരിമാരുണ്ടിവിടെ…സഹോദരവിയോഗത്താല്‍ ആര്‍ത്തയായി തേങ്ങുന്ന ദുശ്ശളമാര്‍ ഉണ്ടിവിടെ..വൈധവ്യത്തിന്റെ അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന ഉത്തരമാരും ഉണ്ടിവിടെ..!!! കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഒരേ വംശമാണ്;മനുഷ്യവംശം…ആ വംശം ഉയിര്‍ക്കൊണ്ട അമ്മയെന്ന സത്യത്തെയും ഗര്‍ഭപാത്രത്തെയും നോവിന്റെ കയങ്ങളില്‍ തള്ളിയിടുമ്പോള്‍ നിങ്ങള്‍ ആണ്‍വംശം എന്ത് നേടുന്നു??അറുതിയില്ലാത്ത, അനന്തരഫലമില്ലാത്ത, അരിഞ്ഞു വീഴ്ത്താനുള്ള അടര്‍കളങ്ങള്‍ ചാവേര്‍ജന്മങ്ങളെ കാത്തിരിക്കുമ്പോള്‍ കണ്ണുനീരിന്റെ കടലില്‍ മുങ്ങിത്താഴുന്ന ഞങ്ങള്‍ ഈ പാവം സാധുജന്മങ്ങളെ കുറിച്ച് ആരെങ്കിലും ഓര്‍ക്കാറുണ്ടോ??
ഓര്‍മ്മവച്ചനാള്‍ മുതല്‍ കേട്ടുതുടങ്ങിയതാണ് കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച്..സാമൂഹ്യപാഠപുസ്തകത്തിലെ കണ്ണൂരിനും പറയാനുണ്ടായിരുന്നത് ചോരയുടെ കണക്കുകള്‍ മാത്രമായിരുന്നെങ്കിലും അതിലൊരു നേരും നെറിയും ഉണ്ടായിരുന്നു..പിന്നീട് കണ്ണൂര്‍ ഒരു ഭീതിയായി മനസ്സില്‍ നിറഞ്ഞത് അസ്നയെന്ന പിഞ്ചുബാലികയെ ഓര്‍ത്തിട്ടായിരുന്നു..ഹേമലതയ്ക്കും രാജേശ്വരിമോഹനും മായയ്ക്കും ഒക്കെ വായിക്കാനുണ്ടായിരുന്നതും കണ്ണൂരിലെ നെറികെട്ട രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചായിരുന്നു..അവര്‍ കാട്ടിത്തന്ന ദൃശ്യത്തിലെന്നും കണ്ണുനീരിന്റെ ഉപ്പുണ്ടായിരുന്നു..പകയുടെ നെരിപ്പോടുകള്‍ക്കൊപ്പം കനലായി എരിയുന്ന പെണ്‍മനസ്സുകളും ഉണ്ടായിരുന്നു..കൗമാരത്തില്‍ മുത്തപ്പനെ തൊഴാന്‍ പോയി തിരികെ മടങ്ങിവന്ന പതിനാലുകാരി പെണ്‍കുട്ടിക്ക് ഒരു ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള പ്രഭാതം കാണിച്ചുതന്നത് ഒരു കൊലപാതകത്തിന്റെ ഭീകരദൃശ്യങ്ങളായിരുന്നു..മുത്തപ്പനൊപ്പം കണ്ണൂരിനെയും സ്നേഹിച്ചുപോയ അവള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ഒരു കൊലപാതകമായിരുന്നു കുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകനെ വെട്ടിനുറുക്കിയ ആ പാതകം..അന്ന് മുതല്‍ കണ്ണൂരിനോപ്പം രക്തത്തിന്റെ ചുവപ്പും മനസ്സില്‍ തികട്ടിവരുമായിരുന്നു..കണ്ണൂരിന് കണ്ണുനീരിന്റെ ഉപ്പാണെന്നു പറയാതെപറഞ്ഞത് ജയരാജായിരുന്നു.”ശാന്തം” എന്ന സിനിമ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയതും അതുകൊണ്ടൊക്കെ തന്നെയായിരുന്നു..തന്തപറത്തെയ്യത്തില്‍ കെ.പി.രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന പ്രാദേശികമായ അങ്കക്കലിയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ പ്രസക്തമാവമെന്നു എന്നിലെ വായനക്കാരി ഒരിക്കലും ഓര്‍ത്തിരുന്നില്ല…
മനസ്സില്‍ രാഷ്ട്രീയ അരാജകത്വം പേറുന്ന നെറികെട്ട രാഷ്ട്രീയജന്മങ്ങള്‍ അങ്കക്കലിപൂണ്ട് ഈ മണ്ണിനെ വീണ്ടും ചുവപ്പിക്കുമ്പോള്‍,രാഷ്ട്രീയയണിയറയില്‍ ചാണക്യന്മാര്‍ ചാണക്യസൂത്രങ്ങളും ന്യായവാദങ്ങളുമായി രംഗത്ത് വരുമ്പോള്‍ നിങ്ങള്‍ അറിയുന്നുണ്ടോ അമ്മിഞ്ഞപ്പാല്‍ വഴിഞ്ഞൊഴുകിയ ഞങ്ങള്‍ അമ്മമാരുടെ നെഞ്ചിനുള്ളിലെ കണ്ണുനീരിന്റെ വറ്റാത്ത ഉറവകള്‍??എത്രയെത്ര അമ്മമാരാണ് വറ്റാത്ത കണ്ണുനീര്‍ ഉറവകളുമായി ഇവിടെ മരിച്ചുജീവിക്കുന്നത്.
കൂടെപിറന്നവന്റെ ചോരയില്‍ കുതിര്‍ന്ന നിശ്ചലശരീരം കണ്ടു ചേതന വറ്റി നിര്‍ജീവമായി ജീവിക്കുന്ന എത്രയോ സഹോദരിമാര്‍ ഇവിടെയുണ്ട്..വൈധവ്യത്തിന്റെ ആഴിയില്‍ പൊടുന്നനെ പതിച്ചുപോകേണ്ടി വരുന്ന പെണ്മനസ്സിന്റെ ആകുലതകളെ ആര്‍ക്കാണ് വിവരിക്കാനാവുക?ഓരോ നിമിഷവും വിധവയായേക്കാമെന്ന ഭീതിയില്‍ കഴിയുന്ന,താലിഭാഗ്യം നിലനിറുത്താന്‍ ഭഗവാനോട് ഓരോ മാത്രയിലും കെഞ്ചുന്ന ഞങ്ങള്‍ ഭാര്യമാരുടെ വേദന ഏതു പ്രത്യയശാസ്ത്രത്തിലാണ് കാണാന്‍ കഴിയുക.. മുലയൂട്ടിയ മക്കള്‍ക്ക് ശേഷക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ട അമ്മമനസ്സിന്റെ നോവ് ഏതു സംഘശാഖയിലാണ് കാണാന്‍ കഴിയുക??
നിങ്ങള്‍ ആണുങ്ങള്‍ കൊന്നും കൊലവിളിച്ചും അങ്കത്തട്ടില്‍ ഏറുമ്പോള്‍ ചെയ്യാത്തകുറ്റത്തിന് ഒരു ജന്മംമുഴുവന്‍ കരയേണ്ടി വരുന്ന ഞങ്ങള്‍ പെണ്‍ജന്മങ്ങളുടെ നെഞ്ചിലെ കനലാഴി കാണാന്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് കഴിയുക??
ഇരുളിന്റെ മറവും പകലിന്റെ വെളിച്ചവും അങ്കത്തട്ടുകള്‍ ആയപ്പോള്‍,ചുവപ്പും കാവിയും അങ്കക്കലി കൊണ്ട് പാറിപറന്നപ്പോള്‍ ആയുധങ്ങള്‍ കൊണ്ട് മാറ്റുരച്ച രണാരവങ്ങളില്‍ പൊലിഞ്ഞുപോയതു ഞങ്ങളുടെ സ്വപ്നങ്ങളായിരുന്നു..എന്നും നഷ്ടങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമായിരുന്നില്ലേ?കണ്ണുനീരില്‍ കുതിര്‍ന്ന അമ്മമാരുടെ ഗര്‍ഭപാത്രത്തിനും പൊട്ടിച്ചെറിയാന്‍ വിധിക്കപ്പെട്ട താലികള്‍ക്കും അനാഥബാല്യങ്ങള്‍ക്കും ആശയറ്റകൂടപ്പിറപ്പുകള്‍ക്കും മാത്രമായിരുന്നു എന്നും നഷ്ടം..പാടത്തെ പണിക്കു വരമ്പത്തുകൂലി നിശ്ചയിച്ച രാഷ്ട്രീയനേതാക്കളെ,നിങ്ങളുടെ അമ്മമാര്‍ക്ക് ഇങ്ങനെ തീരാവേദനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ടോ??നിങ്ങളുടെ സഹോദരിമാര്‍ക്ക് ആശയറ്റു കണ്ണുനീരാറ്റില്‍ മുങ്ങിതാഴേണ്ടി വന്നിട്ടുണ്ടോ??നിങ്ങളുടെ ഭാര്യമാര്‍ക്ക് താലിച്ചരടിന്റെ ബലക്കുറവു ഓര്‍ത്ത് രാപകല്‍ തീതിന്നേണ്ടി വന്നിട്ടുണ്ടോ??നിങ്ങളുടെ മക്കള്‍ക്ക് അനാഥബാല്യത്തിന്റെ നോവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?? ഇല്ലേയില്ല…ഇവിടെ ഞെട്ടറ്റുവീഴുന്നത് പാവം അണികള്‍ എന്ന ചാവേറുകള്‍ ആണല്ലോ…അധികാരത്തിന്റെ കോട്ടയ്ക്കുള്ളില്‍ നിന്നും കൊലവിളി ഉയര്‍ത്താന്‍ നിങ്ങളും പോരാടി ചാവാന്‍ പാവം ചാവേറുകളും…നിങ്ങള്‍ ഞങ്ങളുടെ ഉറ്റയോരുടെ അനക്കമില്ലാത്ത ശരീരങ്ങളില്‍ കൊടിക്കൂറകള്‍ പുതപ്പിക്കുമ്പോള്‍,ഓരോ രക്തപുഷ്പങ്ങളെയും വിരിയിക്കുമ്പോള്‍ നിങ്ങള്‍ അറിയുന്നില്ല,ആ മൃതശരീരംകൊണ്ട് എന്നന്നേയ്ക്കുമായി കരിങ്കൊടി ഉയരുന്നത് ഞങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാണെന്നുള്ള സത്യം…രാഷ്ട്രീയ കൊലപാതകത്തിന്‍റെ ചോരപുരളാത്ത കൊടിക്കൂറ അവകാശപ്പെടാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കാണ് കേരളത്തില്‍ കഴിയുക?കൊന്നും കൊലവിളിച്ചും ആരും മഹാന്മാര്‍ ആയിട്ടില്ല; ആരും വിജയിച്ചിട്ടുമില്ല. ഒരു സ്മാരകത്തിനും ഹര്‍ത്താലിനും മുദ്രാവാക്യത്തിനും ഒരമ്മയുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ കണ്ണുനീര്‍ തുടയ്ക്കാനുമാവില്ല..
രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിയുടെ നിറത്തിനു മാറ്റമുണ്ടെങ്കിലും രാഷ്ട്രീയകൊലപാതകങ്ങളിലൂടെ രക്തസാക്ഷികള്‍ ആകുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ചോരയ്ക്ക് ഒരൊറ്റ നിറം മാത്രമേയുള്ളൂ..അന്തമില്ലാത്ത ദുര്‍വിധി പോലെ കൊലപാതകരാഷ്ട്രീയം കേരളത്തില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എരിയുന്നത് ഓരോ അമ്മയുടെയും നെഞ്ചകമാണ്…കരിയുന്നത് ഓരോ ദാമ്പത്യത്തിന്റെയും തായ് വേരാണ്..ചിറകറ്റുപോകുന്നത് ഓരോ സഹോദരിമാരുടെയും പ്രതീക്ഷകളാണ്..ഈയടുത്തദിവസങ്ങളില്‍ ഇവിടെ നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ വിരല്‍ചൂണ്ടുന്നതു രാഷ്ട്രീയചെളിക്കുണ്ടില്‍ പുതഞ്ഞുപോയ പ്രത്യയശാസ്ത്രത്തിന്റെയും സംഘശാസ്ത്രത്തിന്‍റെയും അധ:പതനമാണ്.ചുവന്ന കൊടി കൊണ്ട് പുതയ്ക്കാന്‍ ഇന്നലെ ഒരു രക്തസാക്ഷിയെ കൂടി ലഭിച്ചപ്പോള്‍ കാവിക്കൊടിക്കും കിട്ടി ഇന്ന്ഒരു ബലിദാനിയെ..നാലുവോട്ടിനു വേണ്ടി മനസ്സുകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ശവങ്ങളായി അവര്‍ മാറിയപ്പോള്‍ തുണയറ്റ് ഏകാന്തതയിലേക്ക് വലിച്ചെറിയാന്‍ വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ സ്ത്രീജന്മങ്ങള്‍ മാത്രം…
എന്നും അക്രമങ്ങളും കൊലപാതകവും ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത് ദുരിതവും നഷ്ടവും കണ്ണീരും മാത്രമാണ്.കൊല്ലാനും ചാകാനും മത്സരിക്കുന്ന അണികളെ നിങ്ങള്‍ ഒന്നോര്‍ക്കുക- പാര്‍ട്ടികള്‍ക്ക് കൊടിക്കൂറ ചുവപ്പിക്കാന്‍ എന്നും വേണ്ടത് നിങ്ങളുടെ രക്തം മാത്രമാണ്,അല്ലാതെ നിങ്ങളുടെ ആത്മാവിനെയല്ല.നേതാക്കള്‍ക്ക് കൊടി കൊണ്ട് പുതപ്പിക്കാന്‍ വേണ്ടത് ഒരു ശവം മാത്രമാണ്.അല്ലാതെ നിങ്ങളുടെ ഹൃദയമല്ല..നിങ്ങളുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിന്റെയും ആഴവും അര്‍ത്ഥവും അറിയുന്നവര്‍ രാഷ്ട്രീയനേതാക്കള്‍ അല്ല.പക്ഷേ ഞാനടങ്ങുന്ന സ്ത്രീസമൂഹത്തിലെ അമ്മമാരും സഹോദരിമാരും ഭാര്യമാരും മക്കളുമാണ്…നിങ്ങള്‍ പുറത്തുപോയി മടങ്ങിവരുവോളം അസ്വസ്ഥമായി മിടിക്കുന്ന ഞങ്ങളുടെ ഹൃദയതാളം നിങ്ങള്‍ അറിയുന്നുണ്ടോ??വഴിയോരം വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഞങ്ങളുടെ കണ്ണിലെ കനലുകള്‍ നിങ്ങളെ പൊള്ളിക്കുന്നുണ്ടോ?? രാത്രിയിലെ ഒരു നായയുടെ ഓരിയിടല്‍ പോലും ഞങ്ങളെ എത്രമേല്‍ ഭയചകിതരാക്കുന്നുണ്ടെന്നു നിങ്ങള്‍ അറിയുന്നുണ്ടോ??എത്രയോ രാത്രികളില്‍ ഉറക്കം കണ്‍പോളകളെ വല്ലാതെ തലോടുമ്പോഴും ഉറങ്ങാതെ ഞങ്ങള്‍ നിങ്ങള്‍ക്കായി കാവലിരിക്കുന്നുണ്ടെന്നു അറിയുന്നുണ്ടോ?കാരണം സ്നേഹം മാത്രമാണല്ലോ ഞങ്ങള്‍ പെണ്‍മനസുകളുടെ രാഷ്ട്രീയം.കരുതല്‍ മാത്രമാണല്ലോ ഞങ്ങളുടെ പ്രത്യയശാസ്ത്രം..ഞങ്ങള്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിയുന്നില്ല നിങ്ങളുടെ മനസ്സില്‍ കൊടിക്കൂറകള്‍ക്കുള്ള സ്ഥാനം..അമ്മിഞ്ഞപ്പാലിനോളം വരുമോ ചുവപ്പും കാവിയും വെളുപ്പും നിറങ്ങള്‍ നിങ്ങളിലുണ്ടാക്കിയ വൈകാരിതയുടെ തീവ്രത..ഇനിയെങ്കിലും ഒരു കൊടിക്കൂറയ്ക്കും കണ്ണുനീരിന്റെ കഥകള്‍ പറയാന്‍ ഉണ്ടാവരുത് .തെയ്യത്തിന്റെയും തിറയുടെയും നാട് കണ്ണുനീര്‍ എന്ന വിളിപ്പേര് ലോപിച്ച് കണ്ണൂര്‍ ആയിയെന്നു ചരിത്രം പറയാതിരിക്കട്ടെ..കൊടിക്കൂറകളോട് ഞങ്ങള്‍ക്ക് ഒന്ന് മാത്രമേ ഉറക്കെയുറക്കെ പറയാനുള്ളൂ-മാനിഷാദ!!!
Post Your Comments