IndiaNews

ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തന്നെ തുടരുന്നു; പ്രതീക്ഷകള്‍ കൈവിട്ടെന്ന് സൂചന: സംസ്ഥാനം മുഴുവന്‍ അതീവ ജാഗ്രതയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. കൃത്രിമ ശ്വാസോച്ഛോസത്തിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയ്ക്ക് മാസങ്ങള്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ കഴിയേണ്ടി വരും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ ധനമന്ത്രി കൂടിയായ ഒ പനീര്‍സെല്‍വത്തിന് കൈമാറി ഗവര്‍ണ്ണര്‍ വിജ്ഞാപനം ഇറക്കി. ഇതോടെ വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രിയായി ജയലളിത മാറും. ഭരണപ്രതിസന്ധി ഒഴിവാക്കാനും  ഫയല്‍ നീക്കം സുഗമമാക്കാനുമാണ് ഇത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഇത്. ജയലളിതയുടെ ചികില്‍സ പൂര്‍ത്തിയാകാന്‍ ഏറെക്കാലം വേണ്ടിവരും. അതുവരെ അവര്‍ക്ക് ഭരണപരമായ കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയുകയുമില്ല. അതിനാലാണ് ഗവര്‍ണ്ണറുടെ ഉത്തരവ് പുറത്തിറങ്ങുന്നത്.
ഇതോടെ മന്ത്രിസഭയില്‍ ജയലളിതയുടെ രണ്ടാമന്‍ പനീര്‍സെല്‍വമാണെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കുക കൂടിയാണ്. നേരത്തെ രണ്ട് തവണ ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേരിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോഴും പനീര്‍ സെല്‍വമായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍ ഇത്തവണ പഴനിസ്വാമിയെ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഏല്‍പ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇത് തര്‍ക്കങ്ങള്‍ ഉണ്ടെന്ന തോന്നലിനും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ രോഗകാലത്ത് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കാന്‍ പനീര്‍സെല്‍വത്തിന് തന്നെ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ നല്‍കുന്നത്. പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയിലാകും ഇനി ക്യാബിനറ്റ് യോഗമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ ആക്ടിങ് മുഖ്യമന്ത്രിയായി മാറുകയാണ് പനീര്‍സെല്‍വം.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ മാറ്റം. അതുകൊണ്ട് തന്നെ ജയലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു. എന്നാല്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് ഇപ്പോഴും പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. ഭരണപരമായ സൗകര്യത്തിന് മാത്രമാണ് ഇതെന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച യഥാര്‍ഥ വിവരം പുറത്തുവരുന്നില്ലെന്ന ആശങ്ക സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍വരെ വച്ചുപുലര്‍ത്തുകയാണ് തമിഴകത്ത്. ആശുപത്രി അധികൃതര്‍ പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍മാത്രമാണ് വാര്‍ത്താമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്നത്. അതും വ്യക്തമല്ല.
ദിനംപ്രതി അപ്പോളോ ആശുപത്രിയില്‍ എത്തുന്ന നേതാക്കളുടെ എണ്ണം വര്‍ധിച്ചതോടെ കടുത്ത നിയന്ത്രണണവും ഏര്‍പ്പെടുത്തി. ജയലളിതയ്ക്ക് ശ്വാസതടസ്സം നീക്കാനുള്ള ചികിത്സയാണ് നല്‍കുന്നതെന്ന് ശനിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. ഇതും ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. കൃത്രിമശ്വാസം മുഖേനയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആശുപത്രിപരിസരത്ത് എത്തുന്ന സാധാരണക്കാരുടെ എണ്ണവും കൂടി. സംസ്ഥാനമെമ്പാടും എ.ഐ.എഡി.എം.കെ പ്രവര്‍ത്തകര്‍ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയും പൂജയുമായി കഴിയുകയാണ്. ജയലളിതയുടെ അടുപ്പക്കാരായ മന്ത്രിമാര്‍മാത്രമാണ് ആശുപത്രിയിലുള്ളത്. ആദ്യദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി തങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് അറിയിച്ച പന്നീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രണ്ടുമൂന്നു ദിവസമായി മൗനത്തിലാണ്.
ഇതും ആരോഗ്യ നിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. ജയലളിതയെ കാണാന്‍ ആര്‍ക്കും പ്രവേശനമില്ല. അപ്പോളോ
ആശുപത്രിയിലെ തിരഞ്ഞെടുത്ത ഡോക്ടര്‍മാരും നേഴ്‌സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോധിക്കുകയും പിരചരിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് പോലും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താന്‍ വിലക്കുണ്ട്. എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. ഈ സാഹചര്യത്തില്‍ അണികള്‍ ആശങ്കയിലാണ്. അതിനിടെ തമിഴ്‌നാട്ടിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് എല്ലാ വിധ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാനുള്ള മുന്‍കരുതല്‍ തമിഴ്‌നാട് പൊലീസും എടുത്തുകഴിഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റോഡ്മാര്‍ഗമുള്ള പ്രചാരണപരിപാടികളില്‍ ജയലളിത പങ്കെടുത്തിരുന്നില്ല. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെലിക്കോപ്റ്ററിലെത്തിയ ശേഷം പൊതുയോഗങ്ങള്‍ അഭിസംബോധന ചെയ്യുന്ന രീതിയാണ് ജയലളിത അവലംബിച്ചിരുന്നത്. ഈ യോഗങ്ങളിലെല്ലാംതന്നെ ഇരുന്നുകൊണ്ടാണ് ജയലളിത പ്രസംഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായിരുന്നു. തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരമേറ്റപ്പോള്‍ മന്ത്രിമാര്‍ കൂട്ടത്തോടെ സത്യവാചകം ചൊല്ലിയത് വേദിയില്‍ ജയലളിതയ്ക്ക് അധികസമയം ചെലവഴിക്കാനാവാത്തതുകൊണ്ടാണെന്ന് സൂചനയുണ്ടായിരുന്നു.

ജയലളിതയ്ക്ക് കരള്‍ രോഗമാണെന്നും കരള്‍ മാറ്റിവെക്കാന്‍ ജയലളിത അമേരിക്കയ്ക്ക് പോവാന്‍ തയ്യാറെടുക്കുകയാണെന്നും ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍സ്വാമി കഴിഞ്ഞ വര്‍ഷം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ജയലളിത സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. ആരോഗ്യം പ്രതിസന്ധിയിലാണെങ്കില്‍ ജയലളിത വിശ്രമിക്കണെമെന്നും പ്രശ്‌നമെന്താണെന്ന് ജനങ്ങളോട് പറയണമെന്നും ഡി.എം.കെ. നേതാവ് എം. കരുണാനിധി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ആശുപത്രിയിലായപ്പോഴും കരുണാനിധി വിമര്‍ശനവുമായെത്തി. ഭരണം പ്രതിസന്ധിയിലാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് പനീര്‍സെല്‍വത്തിന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button