KeralaNews

കേരള ഐഎസ് ഘടകം: എന്‍.ഐ.എയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി

കൊച്ചി: ഐ.എസ്. ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മലയാളികള്‍ എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരുമായി ആശയവിനിമയം നടത്തിയിരുന്ന നൂറോളം പേരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാൻ തുടങ്ങി. ഐ.എസ്. ബന്ധം സംശയിച്ച് ഇതുവരെ 16 പേരെ കോയമ്പത്തൂരില്‍ എന്‍.ഐ.എ. ചോദ്യംചെയ്തു. കൂടാതെ എന്‍.ഐ.എ.യുടെ ഒരു സംഘം അഫ്ഗാനിസ്താനിലേക്ക് പോയതായി സൂചനകളുണ്ട്. അറസ്റ്റിലായവരില്‍ ചിലര്‍ അഫ്ഗാനിസ്താനില്‍ പരിശീലനം നേടിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്.

മലയാളികളെ കൂടാതെ ഏതാനും തമിഴ്നാട് സ്വദേശികളും എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. സംഘടനയുടെ ആശയങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കനകമലയില്‍ രഹസ്യയോഗം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ അക്കൗണ്ടുകളിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ എന്‍.ഐ.എ അതിസൂക്ഷ്മതയോടെ നിരീക്ഷിക്കുന്നത് നാല് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളാണ്. ഇതില്‍ മൂന്നെണ്ണം മലയാളികള്‍ മാത്രമുള്ളതാണ്. ഐ.എസ്സിന്റെ മലയാളം വെബ് സൈറ്റിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ ഒന്നിന് കോയമ്പത്തൂരില്‍ വച്ച് ആറുപേരെ ചോദ്യംചെയ്തിരുന്നു. ഇവരുടെ വീടുകളിലും പരിശോധന നടത്തി. ഇവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 പേരെക്കൂടി ചോദ്യംചെയ്തു. ഇവരിൽ ചിലര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്ളതായി കണ്ടെത്തി. ഇവരുടെ പേരു വിവരങ്ങള്‍ തത്കാലം വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് പറഞ്ഞു. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇവരെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button