Kerala

ഹൈക്കോടതിയിലെ മാധ്യമവിലക്കിനെ കുറിച്ച് ചീഫ് ജസ്റ്റിസ്

കൊച്ചി : ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാധ്യമ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല എന്നകാര്യം പ്രസിദ്ധീകരിക്കുമെന്നും ഉറപ്പ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിനൊപ്പമാണ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനെ കണ്ടത്.

ജൂലായ് 19നാണ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ ചേംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മീഡിയാ റൂം അടച്ചു. കായികമായി നേരിടുമെന്ന ഭീഷണിയുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നീട് ഹൈക്കോടതിയില്‍ പോകാന്‍ സാധിച്ചിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലാണ് മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ ഇടപെടുമെന്നും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് ദീര്‍ഘകാല കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button