കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ അതിവേഗ ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗ്രീസില്‍ നിന്ന്‍ ഇറക്കുമതി ചെയ്ത രണ്ട് ഹൈഡ്രോഫോയില്‍ ബോട്ടുകള്‍ സാങ്കേതിക അനുമതി കിട്ടിയാല്‍ ഉടന്‍തന്നെ സര്‍വീസ് ആരംഭിക്കാന്‍ തയാറായി കിടക്കുകയാണ്. കേരളത്തിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും, തീരദേശ ജലഗതാഗതം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി വിശദീകരിച്ചു.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന്‍ കോഴിക്കോട്ടെ ബേപ്പൂര്‍ പോര്‍ട്ടിലേക്കായിരിക്കും സര്‍വ്വീസ്. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്തു നിന്നും കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കും.
രണ്ട് സര്‍വീസുകളും ആരംഭിച്ചാല്‍ തിരുവനന്തപുരം-കോഴിക്കോട് യാത്രാസമയം 5 മണിക്കൂര്‍ ആയി കുറയും. കൊച്ചി-കോഴിക്കോട് ദൂരം താണ്ടാന്‍ ബോട്ടിന് 35 കെനോട്ട് വേഗതയില്‍ 3-മണിക്കൂര്‍ മതിയാകും. ഇത് 60 kmph കരവേഗതയ്ക്ക് തുല്യമാണ്. ഇപ്പോള്‍, കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ ബസില്‍ യാത്ര ചെയ്യാന്‍ തന്നെ 6-മണിക്കൂര്‍ വേണ്ട അവസ്ഥയാണ്.
ഇരട്ടഎഞ്ചിന്‍ ഘടിപ്പിച്ച ബോട്ടിന്‍റെ വില 15-കോടി രൂപയാണ്. ഇതില്‍ 130-പേര്‍ക്ക് യാത്ര ചെയ്യാം. പൂര്‍ണ്ണമായും ശീതീകരിച്ച ക്യാബിനുകളോട് കൂടിയ ബോട്ടില്‍ പാന്‍ട്രി കാര്‍, മറ്റ് വിനോദോപാധികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് 1,000-രൂപയാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് ചാര്‍ജ്. ഗവണ്മെന്‍റ് ഏര്‍പ്പെടുത്തുന്ന സബ്സിഡിയും ടിക്കറ്റുകള്‍ക്കായി പരിഗണനയിലുണ്ട്.
Post Your Comments