ജമ്മു: സെപ്റ്റംബര്‍ 29-ന് ഇന്ത്യന്‍സൈന്യം അതിര്‍ത്തി മുറിച്ചുകടന്ന്‍ പാക്-അധീന-കാശ്മീരിലെ ഭീകരക്യാമ്പുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ എത്രമാത്രം പരിഭ്രാന്തരാക്കി എന്നതിന് തെളിവായി ആ സംഭവത്തിനുശേഷം അതിര്‍ത്തിയില്‍ പാക്-സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാല്‍ ലംഘനങ്ങളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി. സെപ്റ്റംബര്‍ 29-മുതല്‍ ഇന്നുവരെ 25 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ അക്രമണം നടത്തിയിരിക്കുന്നത്.
ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത് ഒക്ടോബര്‍ 3,4,5 തിയതികളിലാണ്. പൂഞ്ച്, രജൗരി സെക്ടറുകളിലാണ് ഏറ്റവുമധികം പ്രകോപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലകളിലെ ജനാധിവാസ കേന്ദ്രങ്ങള്‍ക്ക് നേരേയാണ് യാതൊരു പ്രകോപനവും കൂടാതെ പാക്-സൈന്യം കനത്ത വെടിവയ്പ്പ്, മോര്‍ട്ടാര്‍ ഷെല്ലിംഗ് എന്നിവ നടത്തിയത്. തുടര്‍ന്ന്‍ ഇന്ത്യന്‍സേന നടത്തിയ പ്രത്യാക്രമണത്തില്‍ 3 ഇന്ത്യന്‍ സൈനികര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും, 9 പാക്-സൈനികര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു.
ഝാംഗര്‍, കല്‍സിയാന്‍, മക്രി, നൗഷേര എന്നീ രജൗരി മേഖലാ പ്രദേശങ്ങളില്‍ ആണ് പാക് സൈന്യത്തിന്‍റെ ശല്യപ്പെടുത്തല്‍ ഏറ്റവും രൂക്ഷം. ജമ്മു ജില്ലയിലെ ഗിഗ്രിയാല്‍, പ്ലാറ്റന്‍, ദമാനു, ചന്നി, പലന്‍വാല എന്നീ പല്ലന്‍വാലാ മേഖലകളിലും, പൂഞ്ച് ജില്ലയിലെ ബല്‍നോയ്, കൃഷ്ണഗതി എന്നീ സ്ഥലങ്ങളിലും വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രകോപനമില്ലാതെയുള്ള പാക് വെടിവയ്പ്പുകള്‍ക്കെല്ലാം ഇന്ത്യന്‍സൈന്യം തക്കതായ മറുപടിയും നല്‍കിക്കൊണ്ടിരിക്കുകയാണ്.
Post Your Comments