ദോഹ: ഖത്തറിൽ മരുന്നുമായി എത്തുന്ന പ്രവാസികൾ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി കയ്യിൽ കരുതണമെന്ന് കസ്റ്റംസ് വിഭാഗം മുന്നറിയിപ്പു നൽകി. കൃത്യമായ വൈദ്യ നിർദേശമില്ലാതെ കൊണ്ടുവരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും എത്തുന്നത് തടയാൻ ആരോഗ്യമന്ത്രാലയവും കസ്റ്റംസ് വിഭാഗവും പുലർത്തിവരുന്ന ജാഗ്രതയുടെ ഭാഗമായാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഇതിന്റെ ഭാഗമായി അബു സംറയിലെ അതിർത്തി ചെക് പോസ്റ്റിലും വിമാനത്താവളത്തിലുമെല്ലാം കസ്റ്റംസിനെ സഹായിക്കാൻ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഖത്തർ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അനുമതിയില്ലാത്ത എല്ലാതരം മരുന്നുകളും പിടിച്ചെടുക്കാനാണ് തീരുമാനം. അനുമതിയുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപെട്ടതാണെങ്കിൽകൂടി മരുന്നിന്റെ കൂടെ ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും ഉണ്ടായിരിക്കണം. ഡോക്ടറുടെ സഹായത്തോടെ മരുന്നുകൾ പരിശോധിച്ച് യാത്രക്കാരന്റെ രോഗത്തിനുള്ളതാണെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂ.
ഖത്തർ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗത്തിനു ലോകത്തെവിടെയുമുള്ള മരുന്നുകളുടെയും നിരോധിത മരുന്നുകളുടെയും വിവരങ്ങൾ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ആയുർവേദ മരുന്നുകളും ഹോമിയോ മരുന്നുകളും കൊണ്ടുവരുന്നവരും ഡോക്ടറുടെ കുറിപ്പടി കൂടെ കരുതണം. അതേസമയം ഖത്തറിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും വേദന സംഹാരിയായ ട്രെമഡോളുമായി വരുന്നവരാണെന്നാണ് ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്റ്റർ അജാബ്‌മൻസൂർ അൽ ഖത്താനി പറഞ്ഞത്.
Post Your Comments