Prathikarana Vedhi

അവകാശബോധം മലയാളിയുടെ ബോധമണ്ഡലത്തിലെ കെടാവിളക്ക്: ചെഞ്ചോര നെഞ്ചില്‍ കനലാക്കിയ ഓരോ സഖാവും വായിച്ചറിയാന്‍

അഞ്ജു പ്രഭീഷ്

ആധുനിക കേരളത്തിന്റെ രൂപീകരണത്തിലും പില്‍ക്കാല കേരളത്തിന്റെ വികാസത്തിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ച കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് സ്വജനപക്ഷപാതത്തിലും ഇരട്ടത്താപ്പുനയങ്ങളിലും നിയോകൊളോണിയലിസത്തിലും കൂപ്പുകുത്തുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളാണ് സുധീര്‍ നമ്പ്യാരിന്റെ നിയമനവും ഗീതാഗോപിനാഥും കനകമലയിലെ റെയ്ഡും അതിരപ്പള്ളി ജലവൈദ്യുതപദ്ധതിയും…ആഗോളവല്‍ക്കരണ ഘട്ടത്തിലെ സാര്‍വത്രികമായ ആര്‍ത്തിയുടെ ഭാഗമെന്ന നിലയില്‍, കുടുംബത്തിനു വേണ്ടി പ്രത്യയശാസ്ത്രത്തില്‍ അല്പസ്വല്പം വെള്ളം ചേര്‍ക്കാം എന്ന തത്വം പ്രതിഷ്ഠ നേടിയ ഈ ആധുനികകാലഘട്ടത്തില്‍ മാര്‍ക്സിയന്‍ ചിന്താസരണിയ്ക്ക് അപചയം സംഭവിച്ചുവോ?നാം ജീവിക്കുന്ന ചുറ്റുപാടുകളുമായി ഇഴചേര്‍ന്ന ജീവിത വീക്ഷണമാണ്‌ എന്നും ഇടതുപക്ഷ ചിന്താഗതിക്ക്‌ ജീവന്‍ നല്‍കിയിരുന്നത്..പക്ഷേ എന്നു മുതല്ക്കാണ് ഇടതുപ്രസ്ഥാനങ്ങളില്‍ അപഥസഞ്ചാരത്തിന്റെ മുദ്രാവാക്യങ്ങള്‍ കടന്നുകൂടിതുടങ്ങിയത്?പത്തു വോട്ടിനും പത്തു കാശിനും വേണ്ടി എന്ത് ഒത്തുതീര്‍പ്പിനും തയ്യാറാവുന്ന വിധമായി പാര്‍ട്ടി തന്ത്രം മാറിയത് എന്ന് മുതല്‍ക്കാണ്?ഇടതുപക്ഷത്തിന്റെ ചുവപ്പു നിറം മങ്ങിയതെങ്ങിനെയാണ്‌? ഇത് ചെഞ്ചോര നെഞ്ചില്‍ കനലാക്കിയ ഓരോ സഖാവും വായിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍….

കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്‌ ഇടതുപക്ഷപ്രസ്ഥാനത്തിന്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയത്‌ എന്നത്‌ നിഷേധിക്കാനാവാത്ത ചരിത്രം.മിഷനറിമാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ തുടക്കമിട്ട, നാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമികളെയും അയ്യങ്കാളിയെയും പോലുള്ള നവോത്ഥാന നായകര്‍ പോഷിപ്പിച്ച ജ്ഞാനപ്രകാശത്തെ സാര്‍വത്രികമായി വിതരണം ചെയ്തു എന്നതാണ് കേരളത്തിലെ ഇടതുപക്ഷം നിര്‍വഹിച്ച ഏറ്റവും മഹത്തായ പങ്ക്.അതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ ഫ്യൂഡലിസത്തിന്റെ അഥവാ ജന്മിതത്വത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. അവകാശബോധം മലയാളിയുടെ ബോധമണ്ഡലത്തിലെ കെടാവിളക്കായി…അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒരു ഇടവേളയിലെങ്കിലും പൊതുജീവിതത്തില്‍ നിന്ന് ഉച്ചാടനം ചെയ്യപ്പെട്ടു.ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കാലത്തെ ചരിത്രം..അവ ഇന്ന് എത്രമേല്‍ കീഴ്മേഴ് മറിഞ്ഞിരിക്കുന്നു?

സ്വാതന്ത്ര്യത്തിനൊപ്പം നമ്മുടെ രാജ്യം നേരിട്ട പ്രതിസന്ധികള്‍ ആയിരുന്നു രൂക്ഷമായ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും.അതിന്റെ പരിണിതഫലമെന്നോണം രാജ്യത്ത് വളര്‍ന്നുവന്ന മറ്റൊന്നായിരുന്നു തീവ്രഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അഥവാ നക്സലിസം..ഈ നവതീവ്രപ്രസ്ഥാനത്തിനു വളര്‍ന്നുവരാന്‍ തക്ക വളക്കൂറുള്ള മണ്ണ് നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു.വിയറ്റ്‌നാം, ചിലി, ലാവോസ്‌, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങളുടെ പ്രചോദനവും എല്ലാമുള്‍ക്കൊണ്ട്‌ സ്വാഭാവികമായി സംഭവിച്ചു പോയതായിരുന്നു നക്‌സല്‍ പ്രസ്ഥാനം.അന്നും ഇന്നും എന്നും ഇടതുപക്ഷത്തിനു രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു.പ്രായോഗികവാദികളും തീവ്രമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും..ഇതില്‍ പ്രായോഗികവാദികള്‍ എന്നും പാര്‍ട്ടിയുടെ അടിമകള്‍ ആയിരുന്നു.അവര്‍ക്ക് എന്നും ജീവവായു പ്രത്യയശാസ്ത്രവും സൂക്തങ്ങളും ആയിരുന്നു.അത്തരക്കാര്‍ക്ക് നക്സല്‍വാദികളുടെ ചിന്താസരണിയുമായി യോജിച്ചുപോകുവാന്‍ കഴിഞ്ഞില്ല..അടിയന്തരാവസ്ഥക്കാലത്തും ശേഷവും നക്‌സലുകളെ പിടിച്ചുകൊടുക്കാന്‍ കമ്മ്യൂണിസ്റ്റ്‌ അധികാരവൃന്ദം നടത്തിയ നീക്കങ്ങള്‍ ഇതിനെ ശരിവയ്ക്കുന്നവയാണ്.ഏതാണ്ട്‌ എണ്‍പതുകളുടെ പകുതിയോടെ തന്നെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ കേരളത്തില്‍ തിരിശീല വീണുവെങ്കിലും കേരളജനതയുടെ വിപ്ലവ ഊര്‍ജ്ജത്തിന്റെ ഒരു മാപിനി തന്നെയായിരുന്നു നക്‌സല്‍ പ്രസ്ഥാനമെന്നത് സത്യമായ ഒരു വസ്തുതയാണ്.

ഒരിക്കല്‍ എതിര്‍ത്തിരുന്ന നക്സല്‍ പ്രസ്ഥാനത്തെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പിന്നീട് മാര്‍ക്കറ്റു ചെയ്യാന്‍ സി പി എം മടിച്ചില്ലായെന്നത് പ്രത്യയശാസ്ത്രത്തിലെ വെള്ളം ചേര്‍ക്കലിന്റെ മറ്റൊരു ഉദാഹരണം മാത്രം..പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ കയറിപറ്റിയിരുന്ന കാലം മുതല്‍ക്കേ കാലാന്തരങ്ങളായി തുടര്‍ന്നു പോന്ന വിപ്ലവ ഊര്‍ജ്ജം തുടര്‍ന്നും പാലിക്കപ്പെടാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞില്ലയെന്നു പറഞ്ഞാല്‍ ഉദാഹരണസഹിതം കാട്ടിതരാന്‍ ചങ്കുറപ്പുള്ള സഖാക്കള്‍ക്ക് കഴിയുമോ??? ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്ന വ്യക്ത്യാധിഷ്ഠിതഅഴിമതിക്കും പാര്‍ട്ടിക്കുള്ളില്‍ ക്രമേണ പ്രവേശനമായിയെന്ന സത്യത്തെ സമകാലീനസംഭവവികാസങ്ങളുടെ ചുവടുപിടിച്ചുക്കൊണ്ട് നിഷേധിക്കാന്‍ പാര്‍ട്ടിയോട് കൂറുള്ള സഖാക്കള്‍ക്ക് ധൈര്യമുണ്ടോ?ആദര്‍ശരാഷ്ട്രീയമെന്നത് ഒരു കാലത്തും ഒരുജന സമൂഹത്തിലും ശാശ്വതമായ ഒരു അവസ്ഥ ആയിരുന്നിട്ടില്ലയെന്നത് ചരിത്രം..അമേരിക്കക്കെതിരായ പ്രതിരോധത്തില്‍ ലോകം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജനതയായിരുന്നുവല്ലോ വിയറ്റ്നാം.ഇന്നോ നിയോകൊളോണിയലിസത്തിന്റെ ഏറ്റവും വലിയ ഉപസകര്‍ ഇന്ന് അവരല്ലേ??ലോകചരിത്രത്തില്‍ പുരോഗമനപ്രസ്ഥാനങ്ങളില്‍ സര്‍വസാധാരണമായ ഇത്തരം ഒരു പ്രതിലോമ പ്രക്രിയക്കെതിരായാണ് മാവോ സാംസ്‌കാരിക വിപ്ലവം തുടങ്ങിയത്.എന്നിട്ടോ?? ഇതേ പഴകിപൊളിഞ്ഞ ആശയങ്ങള്‍ തന്നെയല്ലേ കേരളത്തിലെ ഇടതുപക്ഷം ഇന്നും ഉയര്‍ത്തികാട്ടുന്നത്??പക്ഷേ പ്രവൃത്തിയില്‍ ചൈനയുടെയും വിയറ്റ്നാമിന്റെയും പിറകേ നടക്കുന്നു..ഇതാണ് വൈരുദ്ധ്യം…മുതലാളിത്തം പൈശാചികമാണെന്നു നിരന്തരം ബോദ്ധ്യപ്പെടുന്ന ഈ കാലയളവിലും മുതലാളിത്ത പരിഹാര മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ബദലുകള്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലല്ലേ ഇന്നത്തെ ഇടതുപക്ഷം??മാര്‍ക്സിസത്തിന്റെ അന്തസ്സത്ത വര്‍ഗ്ഗ സമരം ആണെന്നിരിക്കെ, വര്‍ഗ്ഗ സമരം കയ്യൊഴിഞ്ഞ പരിഷ്ക്കാരങ്ങള്‍ അല്ലേ ഇവിടെ പാര്‍ട്ടി തുടര്‍ന്നുപോരുന്നത്??സോഷ്യലിസ്റ്റു വിപ്ലവത്തിന് മുന്‍പും ശേഷവും പാര്‍‌ട്ടിക്കുള്ളിലും സമൂഹത്തിലും നടക്കേണ്ട വര്‍ഗ്ഗ സമരത്തെ ശക്തമായി ചൂണ്ടിക്കാണിച്ച സഖാവ് മാവോ സെ തുങ്ങിന്റെ ചിന്തകള്‍ എത്ര ലാഘവത്തോടെ തമസ്കരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു..

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തിന്റെ തുടക്കം മുതല്‍ക്കേ ഇടതുപക്ഷ ബുദ്ധിജീവികളുടെ സൈദ്ധാന്തികപിന്തുണയുടെ തണല്‍ ഇടതുപക്ഷപ്രസ്ഥാനത്തിനുണ്ടായിരുന്നു.പാര്‍ട്ടി ക്ലാസുകളില്‍ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പഠിപ്പിച്ചതും തുടര്‍ന്ന്‌ രാഷ്‌ട്രീയമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നേരിടാനും ഉപകരിച്ചത്‌ ഈ ഉയര്‍ന്ന ബൗദ്ധിക നിലവാരം വച്ചുപുലര്‍ത്തിയവര്‍ തന്നെയായിരുന്നു. പക്ഷേ ഇന്നോ? അത്തരത്തില്‍ സൈദ്ധാന്തിക നിലവാരമുള്ള ഒരാളെയെങ്കിലും ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞോ??പി.ഗോവിന്ദപിള്ളയ്ക്കും അഴിക്കോടിനും ശേഷം അത്തരത്തിലുള്ള ഒരാളുടെയെങ്കിലും പേര് നിര്‍ദേശിക്കാന്‍ ഇന്നത്തെ ഇടതുപക്ഷത്തിന് കഴിയുമോ??

ഇന്ന് കേരളത്തിലെ പാര്‍ട്ടി അംഗങ്ങളെ വിടാതെ പിടികൂടിയിരിക്കുന്നത് മൂല്യങ്ങളല്ല.മറിച്ച് ഭയമാണ്
ഇന്ന് പാര്‍ട്ടിയില്‍ നമുക്ക് കാണാന്‍ കഴിയുകനേതാക്കന്മാരും അനുയായികളും തമ്മിലുള്ള പഴയ ജന്മി-കുടിയാൻ ബന്ധമാണ്. സമൂഹത്തിലെ സമ്പന്നർക്കും പണത്തിന്റെ കണ്ട്രോൾ ഉള്ളവർക്കും പാർടി തീരുമാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാനാവുന്നു.പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വന്ന ബോസ് സംസ്കാരവും കേന്ദ്രീകരണവും വര്‍ഗ്ഗ സമരം കൈയ്യൊഴിഞ്ഞതിന്റെ പരിണിത ഫലമല്ലേ സഖാക്കളെ??മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് മാക്‌സിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞും, എഴുതിയും പഠിപ്പിച്ചത്. അതേ ആശയത്തെ ഹൃദയത്തില്‍ ചേര്‍ത്തവരല്ലേ നിങ്ങള്‍ സഖാക്കള്‍? പള്ളിയല്ല വേണ്ടത് പള്ളിക്കൂടമായിരം എന്നൊക്കെ പിണറായിയുടെയും ബേബിയുടെയും തലമുറ മുദ്രാവാക്യം വിളിച്ചതൊന്നും മറക്കാറായിട്ടുമില്ല..അതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയല്ലേ മതപരിവര്‍ത്തന നിരോധന നിയമത്തിനു എതിരേ നിന്നത്..പുത്തന്‍ സിദ്ധാന്തമനുസരിച്ച്മതം മാറ്റം വ്യക്തി സ്വാതന്ത്യമാണത്രെ .അതായത് കറുപ്പ് തിന്നാല്‍ ആര്‍ക്കും സ്വാതന്ത്യമുണ്ട് എന്നര്‍ത്ഥം.. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് സ്വന്തം ആശയപ്രകാരം ആരെങ്കിലും മറ്റ് മതങ്ങളിലേക്ക് മാറിയാല്‍ അത് സ്വാതന്ത്യം. ഇതേ രീതിയില്‍ ഒരു കാലത്ത് എന്തെങ്കിലും താല്‍പര്യങ്ങളില്‍ മതം മാറിയവര്‍ ഭൂരിപക്ഷ മതത്തിലേക്ക് തിരിച്ച് വന്നാല്‍ അത് പിന്തിരിപ്പന്‍.ഇതാണ് യഥാര്‍ത്ഥ ഇരട്ടത്താപ്പ് .

മതതീവ്രവാദത്തിന്റെ വേരുകള്‍ ശക്തമായി കേരളമണ്ണില്‍ വേരോടിയത് 1992ലെ ബാബറി മസ്ജിദ്‌ സംഭവത്തിനു ശേഷമായിരുന്നു.പള്ളി തകര്‍ത്തത്തിനെതിരെയുള്ള മുസ്ലീം വികാരമാണ് തീവ്രവാദസ്വഭാവമുള്ള പല സംഘടനകളെയും ശക്തമായി വളര്‍ത്തിയ പ്രധാന ഘടകം.കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മുസ്ലീം ലീഗിനുള്ള സഖ്യമാണ് ഈ വിഷയത്തില്‍ ലീഗിന്റെ മൃദുസമീപനത്തിന്റെ കാരണമെന്ന് മനസ്സിലാക്കിയ ഇത്തരം സംഘടനകള്‍ ലീഗുമായി അകലം പ്രാപിച്ചു.ലീഗ്‌വിരുദ്ധത ഇത്തരം മതതീവ്ര സംഘടനകളെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഈ അവസരം വോട്ടുബാങ്ക് ലക്‌ഷ്യം വച്ച ഇടതുപക്ഷം നന്നായി മുതലെടുക്കുകയും ചെയ്തു.ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി.സദ്ദാംഹുസൈനു ധീരരക്ത സാക്ഷിയുടെ പരിവേഷം നല്കാന്‍ ഇടതുപക്ഷം ഒട്ടും അമാന്തിച്ചില്ല..മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു എന്നും ബാധകമായിക്കാണാറുള്ളത്.അത് ഇന്നും അങ്ങനെ തന്നെയല്ലേ ?ബീഫ് ഫെസ്റ്റ് നടത്താന്‍ ധൈര്യം കാണിച്ച പാര്‍ട്ടി എന്ത് കൊണ്ട് അതേ ആശയത്തിലൂന്നി ഒരു പോര്‍ക്ക്‌ ഫെസ്റ്റ് നടത്താന്‍ ധൈര്യപ്പെട്ടില്ല ?

അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും കോര്‍പറേറ്റുകള്‍ക്കും ഒരേ അഭിപ്രായമാണുള്ളത് എന്ന് വെളിവാക്കപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഉയര്‍ന്നുവന്ന പരിസ്ഥിതി വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്‍െറതായ ഒരഭിപ്രായം ഉണ്ടായില്ല, അഥവാ ഉണ്ടാകാന്‍ നേതൃത്വം അനുവദിച്ചില്ല. അതുതന്നെയാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചതും.. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുവേണ്ടി വാദിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ടാണ്, അവിടത്തെ ആദിവാസികളെയും, ആ ഭൂമിയുടെ മേല്‍ നിലനില്‍ക്കുന്ന വനാവകാശ നിയമത്തെയും പാരിസ്ഥിതിക പ്രാധാന്യത്തെയും അവഗണിക്കുന്നത്?തലശ്ശേശരിയിലെ ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റും മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും പിണറായി മന്ത്രിസഭയിലെ തുടക്കത്തിലുള്ള കല്ലുകടികളായി മാറിയതും നമ്മള്‍ കണ്ടുകഴിഞ്ഞു..ഇവരോ പുതിയൊരു ലോകം പാവങ്ങള്‍ക്കായി വെട്ടിപിടിക്കുന്നവര്‍??സ്വപ്നത്തിനു പകരം പ്രായോഗികത എന്ന യുക്തി സ്ഥാപിക്കപ്പെട്ടതു കൊണ്ടാണ് ഇവിടെയും കുപ്രസിദ്ധമായ പൂച്ച സിദ്ധാന്തവും കുരങ്ങു സിദ്ധാന്തവും ഉണ്ടായത്. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ആണ് പൂച്ചസിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതെങ്കിലും അത് പ്രായോഗികതലത്തില്‍ ഉപയോഗിച്ചവര്‍ ഇന്ത്യയിലെ ഇടതുപക്ഷം തന്നെയാണ്.പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയെന്ന യുക്തിയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. അതായത് ഉത്പാദന വിതരണ സംവിധാനങ്ങള്‍ എന്ത് തന്നെ ആയാലും സോഷ്യലിസം പുലര്‍ന്നാല്‍ പോരെ എന്ന കേവല യുക്തി ആയിരുന്നു. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന കുയുക്തിയാണ് ഇത്..മനുഷ്യന്‍ കുരങ്ങിലേക്ക്‌ തിരിച്ചു പോകുന്നില്ല എന്ന യുക്തി ഉദാഹരിച്ചു കൊണ്ട് സോഷ്യലിസം മുതലാളിത്തത്തിലേക്ക് തിരിച്ചു പോകില്ലയെന്ന കുരങ്ങുസിദ്ധാന്തത്തെ അവതരിപ്പിച്ച നമ്മുടെ പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ സോഷ്യലിസം മുതലാളിത്തത്തിലേക്ക് കൂപ്പുകുത്തി വീഴുന്നതും കണ്ടു..

പാര്‍ട്ടിയില്‍ പിടിവള്ളി കിട്ടിയവർ പിടിച്ചു കയറി എല്ലാം മറന്നു സ്വന്തം സൌഖ്യങ്ങളിൽ അഭിരമിച്ചപ്പോള്‍,കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജീവിതവൃതമായി കണ്ട യഥാര്‍ത്ഥ പോരാളികള്‍ പിടിവള്ളി കിട്ടാതെ താഴേക്കു താഴേക്കു ആണ്ടുപോയ ഇന്നത്തെ സാഹചര്യത്തില്‍ ഇനിയുമൊരു മാറ്റത്തിന്റെ കാഹളം സാധ്യമോ ? കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് സത്യത്തില്‍ സംഭവിച്ചത് അത് പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വിപ്ലവ ആശയം കൈവെടിയുകയും അതിന്റെ ഫലമായി മുതലാളിത്ത പരിഷ്ക്കരണ ആശയങ്ങളുടെ വക്താക്കള്‍ പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കയും ചെയ്തുവെന്നതാണ്‌.. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെങ്ങും സാങ്കേതികമായും ബൗദ്ധികമായുമുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം ഇടതുപ്രസ്ഥാനങ്ങളെ മാറ്റി നിര്‍വചിക്കാന്‍ നേതൃത്വങ്ങള്‍ക്ക്‌ കഴിയാതെ പോയതാണ് ഈ ആശയത്തിന് സംഭവിച്ച പ്രധാന അപചയം .റഷ്യന്‍ വിപ്ലവകാലത്തെ സാമൂഹികാവസ്ഥയല്ല പുതിയ കാലത്തേതെന്ന്‌ മനസിലാക്കാതെ പഴയ പ്രവര്‍ത്തന രീതി തുടരുന്നവരും കമ്മ്യൂണിസം പുനര്‍നിര്‍വചിക്കാനിറങ്ങിപ്പുറപ്പെട്ട്‌ വലതുപാളയത്തിലെത്തി അടിസ്ഥാനതത്വങ്ങള്‍ പാടെ വിഴുങ്ങുന്നവരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചുവരുന്ന ഇക്കാലത്ത്‌ ഇല്ലാതാകുന്നത്‌ ഇടത്‌ ആശയങ്ങളുള്ളവരെ ഒന്നിച്ചു ചേര്‍ക്കാനുള്ള ഇടങ്ങളാണ്‌( കടപ്പാട് )

shortlink

Related Articles

Post Your Comments

Related Articles


Back to top button