ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ദല്ലാള്‍ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സൈനികരുടെ രക്തത്തിനു പിന്നില്‍നിന്നു സര്‍ക്കാര്‍ ദല്ലാള്‍പണി നടത്തുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അതിരു കടന്നുപോയി. ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെയും വിശേഷിപ്പിക്കാന്‍ ദല്ലാള്‍ എന്ന പദമാണോ ഉപയോഗിക്കേണ്ടതെന്നും അമിത് ഷാ രാഹുലിനോടു ചോദിച്ചു.
സൈന്യത്തെ അപമാനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാണ്. മോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ സൈന്യം നേടിയ വലിയ നേട്ടമാണ് പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണം.
ഇന്ത്യന്‍ സൈന്യം അവരുടെ ജോലി കൃത്യമായി ചെയ്തു. രാഹുല്‍ രാഹുലിന്റെ പണി ചെയ്താല്‍ മതി. മിന്നലാക്രമണത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ സൈന്യത്തെ മാത്രമല്ല, വീരമൃത്യു വരിച്ച ജവാന്മാരെയും അപമാനിക്കുന്നതാണ്. ആരെയാണു നിങ്ങള്‍ സംശയിക്കുന്നത്? സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെയും സൈന്യത്തിന്റെ ധീരതയേയുമാണോ? എങ്കില്‍ ഇതു തികച്ചും അപലപനീയമാണ്.
തങ്ങള്‍ക്കു സൈന്യത്തെയാണു വിശ്വാസം, രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെയല്ല. മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മിന്നലാക്രമണത്തെക്കുറിച്ചു ചില സംശയങ്ങള്‍ ഉയര്‍ത്തി. സൈന്യത്തിന്റെ വിജയത്തെ താഴ്ത്തിക്കെട്ടാനാണ് അവരുടെ ശ്രമം. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനല്ല, സൈന്യത്തിന്റെ വിജയം രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments