വ്യാജ വേഷം കെട്ടി നിരവധി പ്രശസ്തരുടെ രഹസ്യങ്ങള്‍ വെളിച്ചത്തുകൊണ്ടു വന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മാസര്‍ മഹ്മൂദിന് ഇനി ജയില്‍ .500 എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളിലൂടെ നിരവധി പ്രമുഖരുടെ മുഖം മൂടി ചീന്തി പൊതുജനത്തിന് മുന്നില്‍ കാട്ടിക്കൊടുത്ത് ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ ജേര്‍ണലിസ്റ്റായി മാറിയ ആള്‍ക്കാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. പോപ്പ് ഗായികയെ തകര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഈ വ്യാജഷേക്കിനെ കാത്തിരിക്കുന്നത് 7000 കോടിയുടെ കേസുകളാണെന്നും റിപ്പോര്‍ട്ടുണ്ട്.
പോപ്പ്സ്റ്റാര്‍ ടുലീഷ്യ കോണ്‍ടോസ്റ്റാവ്‌ലോസിനെതിരായ മയക്കുമരുന്ന് കേസ് വിചാരണയില്‍ തെളിവുകള്‍ വളച്ചൊടിച്ച് വിചാരണ താറുമാറാക്കിയെന്ന കേസിലാണ് മഹ്മൂദിനെ ഇപ്പോള്‍ തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ഓല്‍ഡ് ബെയ്‌ലെയില്‍ രണ്ടാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് 53കാരനായ മഹ്മൂദിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ 67കാരന്‍ അലന്‍ സ്മിത്തിനെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്. മുന്‍ എന്‍ഡുബ്‌സ് സ്റ്റാറായ ടുലീഷ്യയ്‌ക്കെതിരായ തെളിവുകള്‍ ഇരുവരും ചേര്‍ന്ന് മറച്ച് വച്ച് വിചാര താറുമാറാക്കിയെന്ന കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 2014 ജൂലൈയില്‍ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഈ കേസ് തള്ളിയിരുന്നു.മഹ്മൂദും അദ്ദേഹത്തിന്റെ മുന്‍ എംപ്ലോയറായ ന്യൂസ് യുകെയും 800 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ ് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മഹ്മൂദ് നടത്തിയ അന്വേഷണങ്ങളുടെ ഇരകളെന്ന് പറഞ്ഞ് രംഗത്തെത്തിയ 18 പേര്‍ ആവശ്യപ്പെടുന്നതെന്നാണ് അവരെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മഹ്മൂദ് വ്യാജ ഷേക്കിന്റെ വേഷം കെട്ടി നടത്തി വെളിച്ചത്തുകൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എട്ട് പേര്‍ പ്രൊസിക്യൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ പാക്കിസ്ഥാനി ക്രിക്കറ്റ് ഫിക്‌സറായ മാസര്‍ മജീദുമുള്‍പ്പെടുന്നു. മറ്റ് ആറ് കേസുകള്‍ ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷനില്‍ ലോഡ്ജ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കമ്മീഷന് മുന്നില്‍ രണ്ടിലധികം കേസുകള്‍ കൂടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹ്മൂദിനെതിരായ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കെതിരായ ശിക്ഷാവിധികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവരെല്ലാം രംഗത്ത് വന്നിട്ടുമുണ്ട്. രാജകീയ കുടുംബാംഗങ്ങളുടെ സാമ്പത്തിക തട്ടിപ്പുകള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ കളിയുമായി ബന്ധപ്പെട്ട് കോഴവാങ്ങുന്നത്, സെലിബ്രിറ്റികളുടെ മയക്കുമരുന്നിടപാടുകള്‍, രാഷ്ട്രീയക്കാരുടെ വഴിവിട്ട ബന്ധങ്ങള്‍, തുടങ്ങിയ നിരവധി കേസുകളാണ് ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ തന്ത്രപരമായ അന്വേഷണങ്ങളിലൂടെ മഹ്മൂദ് വെളിച്ചത്തുകൊണ്ടു വന്നിരുന്നത്.
നിരവധി സത്പ്രവര്‍ത്തികളിലൂടെ കഴിവുറ്റതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത മഹ്മൂദ് അവസാനം തന്റെ കഴിവ് തെറ്റായ കാര്യത്തിന് വേണ്ടി വിനിയോഗിച്ചതിനെ തുടര്‍ന്നാണ് തടവിലായിരിക്കുന്നത്. തന്റെ കഴിവുപയോഗിച്ച് ടൂലീഷ്യയുടെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വളച്ചൊടിക്കാന്‍ ഇറങ്ങിത്തിരിച്ചത് മഹ്മൂദിന് സ്വയം നാശത്തിനുള്ള വഴിയൊരുക്കുകയായിരുന്നു. വര്‍ഷത്തില്‍ 250,000 പൗണ്ട് വരുമാനം നേടിക്കൊണ്ടിരിക്കുന്ന തന്റെ കഴിവുകളുടെ പരമോന്നതിയിലും പ്രൗഢിയിലും വിരാജിക്കുന്ന വേളയിലാണ് മഹ്മൂദ് വഴിവിട്ട പ്രവൃത്തിയിലൂടെ നാശത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നത്.
ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടറെന്ന നിലയില്‍ പേരെടുത്ത പത്രപ്രവര്‍ത്തകനാണ് മഹ്മൂദ്. ന്യൂസ് ഓഫ് ദി വേള്‍ഡ്, ദി സണ്‍ഡേ ടൈംസ്, എന്നിവയ്ക്ക് വേണ്ടി അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ പിന്‍ഗാമിയെന്നോണം രംഗത്തെത്തിയ ദി സണ്‍ ഓണ്‍ സണ്‍ഡേയ്ക്ക് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ക്രിക്കറ്റ് കോഴയെക്കുറിച്ച് നടത്തിയ അന്വഷണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് 2011ല്‍ റിപ്പോര്‍ട്ടര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും സ്‌കൂപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
Post Your Comments