വാഷിംഗ്ടണ്‍ : നവജാത ശിശുവിനെ എടുത്ത പിതാവിന് പിഴ. സിസേറിയന് വഴി കഴിഞ്ഞ ആഴ്ച ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ പിതാവില്‍ നിന്നാണ് ആശുപത്രി അധികൃതര്‍ പിഴ ഈടാക്കിയത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് റയാന് ഗ്രാസ് ലി തന്നെയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയ പിഴ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അമേരിക്കയിലെ ഉട്ടാവാലി ആശുപത്രിയിലായിരുന്നു സംഭവം. 40 ഡോളറിനടുത്ത് വരുന്ന തുകയാണ് യുവാവില്‍ നിന്ന് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. സിസേറിയന് വഴി കുഞ്ഞിന് ജന്മം നല്കുന്ന സാഹചര്യങ്ങളില്‍ കുഞ്ഞിനെയും അമ്മയെയും പരിചരിക്കാന്‍ പ്രത്യേകം നഴ്സിനെ ആശുപത്രി അധികൃതര്‍ നിയോഗിക്കാറുണ്ട്. കുട്ടിയ്ക്ക് അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി അമ്മയെയും നഴ്സിനെയുമല്ലാതെ കുഞ്ഞിന് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം അനുവദിക്കാറില്ല.
എന്നാല്‍ പിഴ ഈടാക്കിയത് കുഞ്ഞിനെ സ്പര്ശിച്ചതിനോ എടുത്തതിനോ അല്ലെന്നും രോഗിയ്ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമിച്ചിട്ടുള്ള കെയര്‍ ടേക്കര്‍ക്ക് ഉള്ളതാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. മുപ്പത് ലക്ഷം ആളുകളാണ് ഇതിനകം തന്നെ ഈ ഫോട്ടോ കണ്ടുകഴിഞ്ഞത്. കുഞ്ഞിനെ ഭാര്യയുടെ നെഞ്ചില്‍ വയ്ക്കാനാണ് ആശുപത്രിയിലെ നഴ്സ് ആവശ്യപ്പെട്ടതെന്നും റയാന് റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നു.
Post Your Comments