ഷാര്‍ജ: തൊഴില്‍വിസാ തട്ടിപ്പില്‍പെട്ട് യു.എ.ഇയിലെത്തിയ 14 മലയാളി യുവാക്കളുള്‍പ്പെടെ 15 പേര്‍ക്ക് ആശ്രയം നല്‍കി ഷാര്‍ജാ മലയാളികള്‍. ഭക്ഷണമോ, രാത്രി കിടക്കാന്‍ സ്ഥലമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി ഒരു ദിവസം കഴിച്ചുകൂട്ടിയ ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ അഭയം നല്‍കുകയായിരുന്നു. ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തില്‍ സഹായികളുടെ തസ്തികയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ വീണ് പണം നല്‍കിയെത്തിയവരാണ് ഇവര്‍. ഒന്നേക്കാല്‍ ലക്ഷം മുതല്‍ 1.6 ലക്ഷം രൂപ വരെ ഏജന്റിനു നല്‍കിയായിരുന്നു യാത്ര. എന്നാല്‍ ഏജന്റ് പറ്റിച്ചതോടെ ഇവര്‍ തെരുവിലായി.
മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു ട്രാവല്‍സ് മുഖേന തിങ്കളാഴ്ച ഉച്ചയോടെയാണു വയനാട് സ്വദേശികളായ സുഹൈല്‍, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫല്‍, വണ്ടൂര്‍ സ്വദേശി ശിവന്‍, ഒതുക്കുങ്ങല്‍ സ്വദേശി ജാഫര്‍, നിലമ്പൂര്‍ സ്വദേശികളായ ഷാജഹാന്‍, പ്രജീഷ്, ചെറാട് സ്വദേശികളായ അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവര്‍ യുഎഇയിലെത്തിയത്. പണം വാങ്ങിയ ഏജന്റ് ഇവരെ ആദ്യം ചെന്നൈയിലേക്കും അവിടെനിന്നു ദുബായിലേക്കും കയറ്റി അയയ്ക്കുകയായിരുന്നു. മടക്ക ടിക്കറ്റ് ഇല്ലാത്തതിനാല്‍ ഒരു വയനാട് സ്വദേശിയെ ചെന്നൈ വിമാനത്താവളം അധികൃതര്‍ തിരിച്ചയച്ചു. ദുബായിലെത്തിയാല്‍ തങ്ങളുടെ ആളുകളെത്തി ഷാര്‍ജ റോളയിലെ ഒരു ഹോട്ടലിലെത്തിക്കുമെന്നും അവിടെ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോടു പറഞ്ഞിരുന്നത്.
തൊഴില്‍ വിസയാണെന്നു പറഞ്ഞു നല്‍കിയതു ടൂറിസ്റ്റ് വിസയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത് ഇവിടെയെത്തിയ ശേഷമായിരുന്നു. ദുബായിലെത്തിയ ഇവര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരുമെത്തിയിരുന്നില്ല. ഏജന്റ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന ഇവര്‍ പിന്നീട്, കയ്യിലുള്ള പണമുപയോഗിച്ച് ഷാര്‍ജയിലേക്കെത്തുകയായിരുന്നു. ഏജന്റ് പറഞ്ഞ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍, മുറികള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും പണമടക്കാത്തതിനാല്‍ നല്‍കാന്‍ സാധ്യമല്ലെന്ന് അറിയിച്ചു. ഇതോടെ ഇവര്‍ തെരുവിലായി. മലയാളികള്‍ തട്ടിപ്പിനിരയായത് അറിഞ്ഞതോടെ സഹായവുമായി മലയാളി കൂട്ടായ്മ എത്തി. ഉത്തര്‍പ്രദേശ് സ്വദേശി കൈലാഷിനെ ഇവിടെയാണ് ഇവര്‍ ആദ്യം കണ്ടുമുട്ടിയത്. മലയാളി യുവാക്കള്‍ തട്ടിപ്പിനിരയായി റോഡരികില്‍ നില്‍ക്കുന്ന കാര്യം തൊട്ടടുത്തെ വ്യാപാരികള്‍ അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പ്രവാസി ഇന്ത്യാ പ്രവര്‍ത്തകര്‍ താല്‍കാലികമായി ഇവര്‍ക്കു താമസിക്കാന്‍ ഇടം നല്‍കി.
പെരിന്തല്‍മണ്ണയിലെ ട്രാവല്‍സുകാരെ ബന്ധപ്പെട്ടപ്പോള്‍ യു.എ.ഇയിലെ തങ്ങളുടെ ഏജന്റിനെ ബന്ധപ്പെടാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷം ഏജന്റുമാരിലൊരാളെ ബന്ധപ്പെട്ടപ്പോള്‍, പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇന്നലെ രാവിലെ തങ്ങളെ അറിയിച്ചതെന്നും എന്നാല്‍ രാത്രിവരെ അവരെ നേരിട്ടു കാണാന്‍ സാധിച്ചില്ലെന്നും പ്രവാസി ഇന്ത്യാ പ്രതിനിധി സക്കറിയ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി യുവാക്കള്‍ക്കു സഹായം നല്‍കാനുള്ള പരിശ്രമം തുടരുന്നതായി ഇദ്ദേഹം അറിയിച്ചു.
സ്വന്തം കുടുംബത്തിന്റെയും അയല്‍വാസികളുടെയും സ്വര്‍ണം പണയം വച്ചും മറ്റുമാണ് ഇവരില്‍ മിക്കവരും വിസയ്ക്കു പണം നല്‍കിയത്. തിരിച്ചുപോകേണ്ടി വന്നാല്‍, തങ്ങളുടെ ഗതിയോര്‍ത്തു ആശങ്കയിലാണ് ഇവരെല്ലാം. തങ്ങള്‍ യുഎഇലെത്തി എന്നു മാത്രമേ ഇവര്‍ വീട്ടുകാരെ അറിയിച്ചിട്ടുള്ളൂ. ഇതേ ഏജന്റുമാര്‍ മുഖേന ഒരാഴ്ച മുന്‍പും 16 കണ്ണൂര്‍ സ്വദേികളും ആറ് വടകരക്കാരും ഷാര്‍ജയിലെത്തിയിരുന്നു. ഇവരും തങ്ങള്‍ വഞ്ചിക്കപ്പെട്ടതറിഞ്ഞത് ഇവിടെ എത്തിയ ശേഷമായിരുന്നു.
Post Your Comments