റിയാദ്: സൗദിയില്‍ ഇനി മുതല്‍ നിതാഖാത് നടപ്പാനൊരുങ്ങുന്നത് 60 വയസിന് മുകളിലുള്ളവര്‍ക്ക്. അറുപത് വയസു കഴിഞ്ഞ വിദേശിയെ നിതാഖാത്തില്‍ രണ്ട് വിദേശിക്ക് തുല്യമായി പരിഗണിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. .തൊഴില്‍മേഖലയിലെ യൗവനം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് തൊഴില്‍ മന്ത്രാലയം നിയമ പരിഷ്‌ക്കരണത്തിന് ഒരുങ്ങുന്നത്. ഇതോടെ പ്രായംചെന്ന വിദേശികള്‍ക്ക് തൊഴില്‍ ഭീഷണിയാകും. 60 വയസ്സുകഴിഞ്ഞ വിദേശികള്‍ക്ക് ചില നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും 60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലിയാവശ്യാര്‍ത്ഥം തങ്ങുന്നതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശി തൊഴിലാളിയെ ഒരു സ്ഥാപനത്തില്‍ നിയമിച്ചാല്‍ അത് രണ്ട് വിദേശ തൊഴിലാളികളെ സ്ഥാപിച്ചതിന് തുല്ല്യമായി പരിഗണിച്ച് നിതാഖാത്തില്‍ കണക്കുകൂട്ടാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇങ്ങനെ പരിഗണിക്കുന്നതിനാവശ്യമായ പഠനം തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുളളത്.സൗദിയിലെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുകയും തൊഴില്‍ മേഖലയിലെ യൗവനം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തൊഴില്‍ രഹിതരായ സ്വദേശി പൗരന്മാരുടെ എണ്ണം കുറക്കുവാനും സാധിക്കുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു. സൗദിയില്‍ നിക്ഷേപക വിസയില്‍ വന്നവര്‍, വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷണലിസ്റ്റ്, മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ എന്നിവരെ 60 വയസ്സിന്റെ പരിഗണനയില്‍ നിന്നും ഒഴിവാക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ അറുപത് വയസ്സ് കഴിഞ്ഞ മലയാളികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
Post Your Comments